കണ്ണൂര്‍: പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത തലശ്ശേരി രൂപതാ തലവനും കന്യസ്ത്രീകളും കേസില്‍ കുടുങ്ങും. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചിരുന്നു. കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗീക പീഡനത്തിനെതിരായുള്ള പോസ്‌കോ നിയമമാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ പ്രതിയെ സംരക്ഷിച്ചവര്‍ക്കും പോസ്‌കോ നിയമമനുസരിച്ച് നടപടി സ്വീകരിക്കും.
പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും കേസെടുക്കാനും പൊലീസ് നടപടി തുടങ്ങി. മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഫാദര്‍ പ്രവര്‍ത്തിച്ചിരുന്നത്. തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രി സേക്രട് ഹാര്‍ഡ് കന്യാസ്ത്രീ മഠത്തിന് കീഴിലുള്ളതാണ്. തലശ്ശേരി രൂപതയ്ക്ക് കീഴിലാണ് ഈ മഠത്തിന്റെ പ്രവര്‍ത്തനം. പെണ്‍കുട്ടിയേയും നവജാത ശിശുവിനേയും ഒളിവില്‍ താമസിപ്പിച്ചത് വൈത്തിരിയിലെ മഠത്തിലാണ്. താമരശ്ശേരി രൂപതയ്ക്ക് കീഴിലാണ് ഈ മഠമെന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ സഭയിലെ പല ഉന്നതരും ഈ കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായത്. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാനും സഭയിലെ ഉന്നതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കേസ് അന്വേഷണം റോബിന്‍ വടക്കുംചേരിയില്‍ മാത്രം ഒതുക്കണമെന്നാണ് ആവശ്യം. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് (പോക്‌സോ) ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കഴിയുന്നതിനു മുന്‍പ് ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. തുടര്‍ന്ന് വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ സാഹചര്യത്തിലാണ് സഹായിച്ചവര്‍ക്കെതിരേയും പോസ്‌കോ ചുമത്തേണ്ട സാഹചര്യം വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗരിസ് പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. വിചാരണ കോടതി ഡോക്ടറെ താക്കീത് ചെയ്യുകയും ഇത്തരം തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശിച്ച് ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
അന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്‌സോ നിയമപ്രകാരം ഡോ. അജിതയ്‌ക്കെതിരെ കേസ് എടുത്തത്. കേരളത്തില്‍ ആദ്യമായാണ് പീഡനകേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യം കൊട്ടിയൂരിലെ പീഡനത്തിലും ഉണ്ട്. റോബിനെ സഹായിച്ചവരെല്ലാം പോസ്‌കോ പ്രകാരം അകത്താകാന്‍ സാധ്യത ഏറെയാണ്.
രാഷ്ട്ര ദീപികയുടെ മുന്‍ ഡയറക്ടര്‍, മാനന്തവാടി രൂപത മുന്‍ കോര്‍പ്പറേറ്റ് മാനേജര്‍, മേരിമാതാ കോളേജ് മുന്‍ മാനേജര്‍, ദ്വാരക വിയാനി ഭവന്‍ ഡയറക്ടര്‍, ഡീ പോള്‍ സ്‌ക്കൂള്‍ അസി.മാനേജര്‍, ദ്യാരക ഡിപ്പാര്‍ട്മെന്റ് ഓഫ് യൂത്ത് മിനിസ്ട്രി ഡയറക്ടര്‍, കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ നിന്നിരുന്ന റോബിന്‍ വടക്കഞ്ചേരിലിനെതിരെ മുമ്പും പല ആരോപണങ്ങളും ഉയര്‍ന്നിരുന്നൂവെങ്കിലും എഴുതി നല്‍കാത്ത പരാതികളില്ലാത്തതിനാല്‍ രൂപത ഇയാളെ കൂടെതന്നെ നിര്‍ത്തുകയായിരുന്നു.
പീഡന സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വൈദികനെ തിങ്കളാഴ്ചയാണ് പൊലീസ് തൃശ്ശൂര്‍ ചാലക്കുടിയില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇയാള്‍ കാനഡയിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റ പിടിയിലായത്. സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. പ്രസവ ശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റിയിരുന്നു. ക്രിസ്തുരാജ ആശുപത്രിയും ക്രൈസ്തവ കീഴിലുള്ള ആശുപത്രിയിലാണ്. ഇക്കാര്യങ്ങളെല്ലാം രഹസ്യമാക്കിവച്ചത് ഉന്നത കേന്ദ്രങ്ങളില്‍നിന്നുള്ള ഇടപെടലുകളുടെ ഫലമായാണെന്നാണ് പൊലീസ് കരുതുന്നത്.
ജില്ലാ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച വിവരത്തെത്തുടര്‍ന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും ഇതെല്ലാം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ അപ്രസക്തമാക്കി.