
ക്രൈം ഡെസ്ക്
ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന നിയമങ്ങൾക്കു പുല്ലുവിലയെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു വർഷത്തിനിടെ രണ്ടാം തവണയും ഒരേ യുവാവിന്റെ ആക്രമണത്തിനും ക്രൂരമായ ബലാത്സംഗത്തിനും ഇരയായ പതിനാലുകാരി ക്രൂരമായി കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യൻ നിയമങ്ങളുടെ തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ ദിവസം ശ്രീനഗറിലായിരുന്നു രാജ്യത്തെ നിയമവ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടന്നത്.
മയക്കുമരുന്നിനു സമാനമായ വസ്തു കുടിപ്പിച്ച ശേഷം, രണ്ടു മാസത്തോളം പെൺകുട്ടിയെ കെട്ടിയിട്ട് ക്രൂര പീഡനത്തിനിരയാക്കിയാണ് കൊലപ്പെടുത്തിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം വീടിനുള്ളിലിരിക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിയ പ്രതി വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊതു സ്ഥലത്തു ആളുകൾ കൂടി നിൽക്കുന്നതിനിടെ പ്രതി വലിച്ചു കീറിയെറിഞ്ഞു. തടയാനെത്തിയ ആളുകളെ ആക്രമിച്ച പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി അജ്ഞാത കേന്ദ്രത്തിൽ പാർപ്പിക്കുകയാിരുന്നു.

രണ്ടു മാസത്തോളം നഗ്നയാക്കി കെട്ടിയിടപ്പെട്ട പെൺകുട്ടി മരിച്ചു എന്ന് സംശയിച്ച ഇയാൾ പെൺകുട്ടിയെ പൂർണ നഗ്നയാക്കി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ, വഴിയരികിൽ കിടന്ന പെൺകുട്ടിയെ മൂന്നു ദിവസത്തോളം ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോയി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയാണ് ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ ഒരേ പെൺകുട്ടിയെ തന്നെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയിരുന്നു.