ഗർഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നൽകും; 20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് ഗുളിക നൽകി കൊല്ലുന്ന കായികാധ്യാപകന് ജീവപര്യന്തം തടവ്. കേരള, കർണ്ണാടക അതിർത്തിയിലെ കന്യാന സ്വദേശിയും കർണ്ണാടകയിലെ സ്കൂളിലെ കായികാധ്യാപകനുമായ മോഹൻകുമാറിനെ(50)യാണ് മംഗലാപുരം സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയോടൊപ്പം 26,000 രൂപ പിഴയും അടയ്ക്കണം. പുത്തൂർ സ്വദേശിനിയായ 20കാരിയെ മടിക്കേരിയിലെ ലോഡ്ജിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രണയം നടിച്ച് സ്ത്രീകളെ വശത്താക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം സ്ത്രീകളെ സയനൈഡ് ഗുളിക നൽകി കൊല്ലുന്നതാണ് മോഹൻകുമാറിന്റെ രീതി. ഇത്തരത്തിൽ ഇരുപത് സ്ത്രീകളെ ഇയാൾ
കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. പുത്തൂർ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് മോഹൻകുമാറിന് കഴിഞ്ഞദിവസം ശിക്ഷ ലഭിച്ചത്. മടിക്കേരി ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുപത് സ്ത്രീകളെ പീഡിപ്പിച്ച ശേഷം മോഹൻകുമാർ കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2004നും 2009നും ഇടയിലാണ് കൊലപാതകങ്ങൾ നടന്നത്. ഇതിൽ നാലു കേസുകളിൽ നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. 16 കേസുകളുടെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. മടിക്കേരി, പുത്തൂർ, സുള്ള്യ, മംഗലാപുരം എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകളിലെ ശുചിമുറികളിൽ സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഭാര്യയും മക്കളുമുള്ള മോഹൻകുമാർ വിവാഹാലോചനുമായാണ് സ്ത്രീകളുടെ വീട്ടിലെത്താറുള്ളത്. അവിവാഹിതനാണെന്ന് പറഞ്ഞ് സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്ന മോഹൻകുമാർ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകും. ഇതിനിടെ യുവതികളുമായി പലസ്ഥലങ്ങളിലേക്കും യാത്ര പോകുന്ന മോഹൻകുമാർ, അവിടങ്ങളിലെ ലോഡ്ജ് മുറികളിൽ വെച്ചാണ് സ്ത്രീകളെ പീഡിപ്പിക്കാറുള്ളത്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം തന്ത്രപൂർവ്വം സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കും. ഇതിനു ശേഷമേ ലോഡ്ജിൽ നിന്ന് പുറത്തിറങ്ങാറുള്ളു. യുവതികളുമായി ബസ് സ്റ്റാൻഡിലെത്തിയ ശേഷമാണ് സയനൈഡ് ഗുളിക നൽകുക. ഗർഭനിരോധന ഗുളിക എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സയനൈഡ് ഗുളിക നൽകാറുള്ളത്. സ്ത്രീകൾ ഗുളിക കഴിച്ച് ശൗചാലയത്തിൽ കയറുന്നതോടെ മോഹൻകുമാർ സ്ഥലം കാലിയാക്കും. ഒന്നിനു പുറകേ ഇരുപത് യുവതികൾ സമാനരീതിയിൽ മരണപ്പെട്ടതോടെയാണ് കർണ്ണാടക പോലീസ് സംഭവത്തെക്കുറിച്ച് ഗൗരവകരമായി അന്വേഷിച്ചത്. ഇതോടെ മോഹൻകുമാറിന് വിലങ്ങ് വീണു.

Top