
സ്വന്തം ലേഖകൻ
ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ വിദേശത്തെത്തിച്ചു പീഡിപ്പിച്ച സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. വളാഞ്ചേരി പോലീസാണ് പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖിനെ അറസ്റ്റു ചെയ്തത്. രണ്ടാനമ്മയുടെ മകളായ 35കാരിയാണ് പീഡനത്തിനിരയായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിദേശത്തു ജോലി ചെയ്തു വരികയായിരുന്നു സിയാഖ്. ദുബായിൽ മാന്യമായ ജോലി നൽകാമെന്ന് പറഞ്ഞാണ് രണ്ടാനമ്മയുടെ മകളെ യുഎഇയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സ്‌നേഹത്തോടെ കൂട്ടികൊണ്ടുപോയെങ്കിലും ദുബായിലെത്തിയതോടെ ഇയാളുടെ ്‌സ്വഭാവം മാറി. ഇയാളുടെ താമസസ്ഥലത്തുള്ള ഒരു മുറിയിൽ കൊണ്ടുപോയി തടവിൽ വച്ച് 25 ദിവസത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി.
പെൺവാണിഭ സംഘത്തിന് സഹോദരിയെ കൈമാറുകയായിരുന്നു ഇയാളുടെ ലക്ഷ്യം. അവരിൽനിന്നു പണവും ഇയാൾ കൈപ്പറ്റിയിരുന്നു. എന്നാൽ അതിനുമുൻപ് അയൽവാസികളുടെ സഹായത്തോടെ യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അയൽവാസികളുടെ വീട്ടിൽ അഭയംതേടിയ യുവതി ചില മലയാളികളുടെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കിയ സിയാഖിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.