പീഡനത്തിനിരയാകുന്ന പുരുഷൻമാർക്കു സഹായവുമായി യുവതി; പുരുഷ പീഡനത്തിനും നിയമസഹായം

സ്വന്തം ലേഖകൻ

സ്ത്രീപീഡന നിയമത്തിന്റെ ദുരുപയോഗത്തെ തുടർന്ന് ജീവിതം തകർന്ന പുരുഷൻമാർക്ക് സഹായഹസ്തവുമായി യുവതി. ദീപിക നാരായൺ ഭരദ്വാജ് എന്ന കൊൽക്കത്ത സ്വദേശിനിയാണ് പുരുഷൻമാർ അനുഭവിക്കുന്ന ദുരവസ്ഥ വെളിച്ചത്ത് കൊണ്ടു വരാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. തന്റെ കസിൻ അടക്കം അടുത്ത ചില പരിചയക്കാർക്ക് ഉണ്ടായ ദുരനുഭവങ്ങളാണ് ദീപികയെ ഇതിന് പ്രേരിപ്പിച്ചത്. സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ദീപിക പറഞ്ഞു.
പരപുരുഷ ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോൾ കേസിൽ കുടുക്കുമെന്ന് തന്റെ കസിന്റെ ഭാര്യ ഭീഷണിപ്പെടുത്തിയത് ദീപിക ഓർത്തെടുക്കുന്നു. കേസ് ഒഴിവാക്കാൻ വൻ തുക അവർ ആവശ്യപ്പെടുകയും ചെയ്തു. നിയമപരമായി നീങ്ങാൻ തീരുമാനിച്ചുവെങ്കിലും എല്ലാ നിയമങ്ങളും സ്ത്രീയ്ക്ക് അനുകൂലമായിരുന്നു. ഒടുവിൽ നാളുകൾ നീണ്ടുനിന്ന് നിയമപോരാട്ടത്തിനൊടുവിലാണ് ദീപികയുടെ കസിൻ വിവാഹമോചനം നേടിയത്. ഭർത്താവിനോട് പ്രതികാരം തീർക്കാൻ സ്ത്രീകൾ നൽകുന്ന കേസുകളിൽ കുടുങ്ങി നിരവധി പേർ സാമ്പത്തികമായി തകർന്ന സംഭവങ്ങൾ തനിക്ക് നേരിട്ടറിയാമെന്നും ദീപിക പറയുന്നു. സ്ത്രീപീഡന നിരോധന നിയമത്തിന്റെ കുരുക്കിൽപ്പെടുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത കൊൽക്കത്ത സ്വദേശിയായ 65കാരന്റെ അനുഭവവും ദീപിക പങ്കുവച്ചു.
ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ബംഗാളിൽ മാത്രം 13409 പുരുഷൻമാർ സ്ത്രീപീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ നേരിട്ടു. ഇതിൽ 56 പേർ മാത്രമാണ് കുറ്റം തെളിഞ്ഞ് ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ളവർ കേസിന്റെ ഭാഗമായുള്ള മാനസിക പീഡനവും സാമ്പത്തിക നഷ്ടവും അനുഭവിച്ചു കോടതി കയറിയിറങ്ങി. ചിലർ വിചാരണ തടവുകാരായി ജയിലിൽ കിടന്നു. ഇവർ അനുഭവിച്ച മാനസിക പീഡനത്തിന് എന്താണ് നഷ്ടപരിഹാരമെന്നും ദീപിക ചോദിക്കുന്നു. പീഡനം അനുഭവിക്കുന്ന പുരുഷൻമാർക്കായി ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുകയാണ് ദീപിക നാരായൺ ഭരദ്വാജ്.
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് താൻ സമ്മതിക്കുന്നു. എന്നാൽ വ്യാജ കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന പുരുഷൻമാരുടെ എണ്ണവും കുറവല്ല. കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കണം. എന്നാൽ ഇക്കാര്യത്തിൽ ലിംഗവിവേചനം പാടില്ലെന്നും ദീപിക കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top