കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ ലോകമാകെ കൈകോര്‍ത്തുനില്‍ക്കുമ്പോള്‍, കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നത് കുറ്റകരമല്ലെന്ന നിയമം പാസ്സാക്കിയിരിക്കുകയാണ് തുര്‍ക്കി. ബലാല്‍സംഗം ചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയ്യാറായാല്‍ അയാളെ കുറ്റവിമുക്തനാക്കുന്ന നിയമമാണ് തുര്‍ക്കിയില്‍ പാസ്സായത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ മാത്രമേ ഇതുപകരിക്കൂ എന്ന് നിരീക്ഷിക്കപ്പെടുന്നു.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടുന്നതിനിടെയാണ് വിവാദ നിയമം തുര്‍ക്കി പാസ്സാക്കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയാതെ അവരുമായി ലൈംഗികബന്ധതത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് മാപ്പുനല്‍കുന്നതിനാണ് ഈ നിയമമെന്നാണ് പ്രസിഡന്റ് റീസെപ് തായിപ്പ് സര്‍ക്കാറിന്റെ വാദം. എന്നാല്‍, ചെറിയ പെണ്‍കുട്ടികളെപ്പോലും ലൈഗിംഗാതിക്രമത്തിന് ഇരയാക്കുന്നതിന് ഈ നിയമം വഴിയൊരുക്കുമെന്ന് വലിയൊരു വിഭാഗം വാദിക്കുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെയും ബലംപ്രയോഗിച്ചുള്ള ശൈശവ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിയമമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചുവരുന്നുവെന്ന ആരോപണം തുര്‍ക്കി നേരിടുന്നതിനിടെയാണ് ഈ നിയമം പാസ്സാകുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ 40 ശതമാനത്തോളമാണ് വര്‍ധിച്ചത്.
ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടിയാണ് പാര്‍ലമെന്റില്‍ വിവാദ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും ബില്‍ പാസ്സാവുകയായിരുന്നു. ആഗോള തലത്തില്‍ കുട്ടികളെ സംരക്ഷിക്കാനായി നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിയമമെന്ന് പ്രതിപക്ഷ എംപിയായ ഒസ്ഗുര്‍ ഒസെല്‍ പറഞ്ഞു. ഇഷ്ടമുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം അവളെ വിവാഹം കഴിക്കകുയാണെങ്കില്‍ കുറ്റവിമുക്തനാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബില്‍ രണ്ടാം ഘട്ട വോട്ടിനുവരും. അപ്പോഴും പാസ്സാവുകയാണെങ്കില്‍ അത് നിയമമായി മാറും.