ഗാന്ധിനഗര്‍: മാനഭംഗത്തിന് ഇരയായി ഗര്‍ഭിണിയായ ബാലികയ്ക്ക് ഗര്‍ഭഛിദ്രത്തിന് ഗുജറാത്ത് ഹൈക്കോടതി അനുമതി നിഷേധിച്ചു. 28 ആഴ്ചയായ ഭ്രൂണം നശിപ്പിക്കുന്നത് പതിനാലു വയസുമാത്രമുള്ള ബാലികയുടെ ജീവനു തന്നെ ഭീഷണിയാകുമെന്നു കണ്ടാണ് കോടതി നടപടി. ഗര്‍ഭം അലസിപ്പിക്കുന്നത് ഈ സമയത്ത് അസാധ്യമാണെന്നാണ് സോളാ ആശുപത്രിയിലെ ഡോക്ടമാരുടെ റിപ്പോര്‍ട്ട്. അത് അമ്മയ്ക്ക് ആപത്തുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജസ്റ്റീസ് സോണിയ ഗോകാനി പറഞ്ഞു.
പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും പ്രസവ ശേഷവും സര്‍ക്കാരിന്റെ പല പരിപാടികളില്‍ പെടുത്തി അവര്‍ക്ക് സൗകര്യമൊരുക്കാനും ജഡ്ജി സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ ജന്മസ്ഥലമായ രാജ്‌കോട്ടിലെ ധോരാജിക്കു സമീപത്തുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകളുടെ വിശദാംശങ്ങള്‍ നല്‍കാനും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ സഹായിക്കാന്‍ ഉതകുന്ന സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങളും അനാഥാലയങ്ങളുടെ വിശദവിവരങ്ങളും ഈ മാസം 14നകം നല്‍കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനോടും നിര്‍ദ്ദേശിച്ചു.
പിതാവിന്റെ കൂട്ടുകാരനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ഏഴുമാസം മുന്‍പായിരുന്നു സംഭവം. ആഗസ്റ്റ് ഒന്നിനാണ് പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസ് എടുത്തത്. തുര്‍ടന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയില്‍ എത്തിയത്. പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.