പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് മെക്‌സിക്കോക്കാരിയായ കര്‍ല ജാന്‍സിന്റോ എന്ന 24 കാരി. ഈ പ്രായത്തിനിടെ 4300 തവണ ബലാത്സംഗത്തിന് ഇരയായ സ്ത്രീയാണിത്. ഒരു ദിവസം തന്നെ 30 തവണ വരെ പീഡിപ്പിക്കപ്പെടേണ്ടി വന്നിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. 12ാം വയസ്സു മുതല്‍ പീഡന ജീവിതമായിരുന്നു. എന്നാല്‍ അതില്‍ തളര്‍ന്ന് ജീവിത്തെ ശപിച്ച് ഒതുങ്ങിപ്പോകാതെ ലോകം എമ്പാടും നടന്ന് ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇച്ഛാ ശക്തി പ്രകടിപ്പിക്കുന്ന അതിശയകരമായ ആര്‍ജവവും കര്‍ലയ്ക്ക് സ്വന്തം. മനുഷ്യക്കടത്തുകാരുടെ കൈകളിലെ ഇരയായിത്തീര്‍ന്നാണ് യുവതിയുടെ ജീവിതം നരകസമാനമായിത്തീര്‍ന്നത്.
തന്റെ 12ാം വയസിലായിരുന്നു അവള്‍ ആദ്യമായി ഒരു മനുഷ്യക്കടത്തുകാരന്റെ കെണിയില്‍ അകപ്പെട്ടിരുന്നു. നിത്യദുരിതത്തിലായ അവളുടെ കുടുംബപശ്ചാത്തലം മുതലെടുത്ത് സമ്മാനങ്ങളും പണവും നല്‍കിയായിരുന്നു അയാല്‍ കര്‍ലയെ സ്വാധീനിച്ച് മുതലെടുത്തിരുന്നത്. തുടര്‍ന്ന് മെക്‌സിക്കോയിലെ വലിയ നഗരങ്ങളിലൊന്നായ ഗ്വാന്‍ഡാലജറയിലേക്ക് അവളെ കൊണ്ടു പോവുകയും ലൈംഗികതൊഴിലാളിയായി പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു. തുടര്‍ന്ന് ഒടുവില്‍ ദീര്‍ഘകാലത്ത പീഡനപര്‍വത്തിന് ശേഷം 2008ല്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്ന ആന്റി-ട്രാഫ്‌ലിക്കിങ് ഓപ്പറേഷനിലൂടെ കര്‍ല മോചിപ്പിക്കപ്പെടുകയും ചെയ്യുകയായിരുന്നു. വൈകാരികവും ശാരീരികവുമായ മുറിവുകളില്‍ നിന്നും ദീര്‍ഘകാലമെടുത്താണ് കര്‍ല മോചനം നേടിയത്. തുടര്‍ന്ന് ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുകയാണിവര്‍
ലൈംഗിക അടിമകളായി ജീിക്കുന്നവര്‍ക്ക് സഹായവും ഉപദേശവും നല്‍കി ലോകമാകമാനം സഞ്ചരിക്കുന്ന ആക്ടിവിസ്റ്റാണ് നിലവില്‍ കര്‍ല. ഈ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വത്തിക്കാനില്‍ ചെന്ന് അവര്‍ അടുത്തിടെ പോപ്പ് ഫ്രാന്‍സിസിനെ കണ്ടിരുന്നു. മെക്‌സിക്കോയിലെ മനുഷ്യക്കടത്ത് പ്രതിസന്ധിയെക്കുറിച്ച് ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് കര്‍ല പറയുന്നു. പ്രതിവര്‍ഷം 20,000ത്തോളം സ്ത്രീകള്‍ ഇത്തരക്കാരുടെ കെണിയില്‍ അകപ്പെടുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വെളിപ്പെടുത്തുന്നത്. കര്‍ല കേവലം അതിജീവിക്കുക മാത്രമല്ല ആധുനികയുഗത്തിലെ ലൈംഗിക അടിമത്ത പ്രശ്‌നത്തെക്കുറിച്ച് ഉയര്‍ത്തിക്കാട്ടി വളര്‍ന്നിരിക്കുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
താന്‍ 12ാം വയസ് മുതല്‍ ലൈംഗിക അടിമയായപ്പോള്‍ അവര്‍ തന്നെ വടി കൊണ്ടും കമ്പികള്‍ കൊണ്ടും ചങ്ങലകള്‍ കൊണ്ടും അടിക്കുമായിരുന്നുവെന്നാണ് കര്‍ല വെളിപ്പെടുത്തുന്തന്. താന്‍ കരയുമ്പോള്‍ അവര്‍ ക്രൂരമായ ആഹ്ലാദത്തോടെ പൊട്ടിച്ചിരിക്കാറുണ്ടെന്നും കര്‍ല ഓര്‍ക്കുന്നു. തന്നെ അവര്‍ പീഡിപ്പിക്കുന്നത് കാണാതിരിക്കാന്‍ കണ്ണുകള്‍ മുറുകെ അടയ്ക്കാറുണ്ടായിരുന്നുവെന്നും കര്‍ല വെളിപ്പെടുത്തുന്നു.തന്നെ പീഡിപ്പിച്ചവരില്‍ യൂണിഫോമിട്ട പൊലീസ് ഓഫീസര്‍മാര്‍, പുരോഹിതര്‍, ന്യായാധിപന്മാര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ വരെയുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും യുവതി വെട്ടിത്തുറന്ന് പറയുന്നു.തങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന അറിവോടെ തന്നെയായിരുന്നു അവര്‍ പീഡിപ്പിച്ചിരുന്നതെന്നും കര്‍ല വിഷമത്തോടെ വെളിപ്പെടുത്തുന്നു.