ക്രൈം റിപ്പോർട്ടർ
താനെ: മഹാരാഷ്ട്രയിൽ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പ്രതിയായ ഹസ്‌നൈൻ വരേക്കർ മാനസിക വെല്ലുവിളി നേരിടുന്ന ഇവരുടെ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നാണ് മൊഴി. കൊലപാതകശ്രമത്തിൽ നിന്നും രക്ഷപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന പ്രതിയുടെ സഹോദരി സുബിയ ബർമറാണ് പൊലീസിന് മുമ്പിൽ വെളിപ്പെടുത്തൽ നടത്തിയത്.
പ്രതി സ്വന്തം സഹോദരിയെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന വിവരം ഫെബ്രുവരി നാലിനാണ് കുടുംബാംഗങ്ങൾ അറിയുന്നത്. അന്നുതൊട്ട് ഇയാൾ മാനസികമായി തകർന്നിരിക്കുകയായിരുന്നെന്നും സുബിയ പൊലീസിൽ മൊഴി നൽകി. പിന്നീട് ഫെബ്രുവരി 28നാണ് പ്രതി കൃത്യം നടത്തിയത്. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ഹസ്‌നൈൻ വരേക്കർ എന്നയാളാണ് കുടുംബാംഗങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
കൊല്ലപ്പെട്ടവരിൽ 6 സ്ത്രീകളും 7 കുട്ടികളും ഉൾപ്പെടുന്നു. ഇയാളുടെ ഭാര്യ, മൂന്ന് സഹോദരിമാർ, മാതാപിതാക്കൾ എന്നിവരേയാണ് കഴുത്തറുത്ത് കൊന്നത്.
താനെയിലെ വീട്ടിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കാൻ വന്നിരുന്നു. രാത്രിയോടെ ഹൻസിൽ വരേക്കർ ഇവർക്ക് കുടിക്കാനുള്ള വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. പിന്നീട് വീടിന്റെ മുഴുവൻ വാതിലുകളും അടച്ചു പൂട്ടുകയും ഓരോ മുറിയിലും കയറി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.