ലണ്ടന്‍ : കളിക്കുന്നതിനിടെ പൂന്തോട്ടത്തില്‍ വീണ് തലയില്‍ ചെറിയ മുറിവേറ്റതിനെ തുടര്‍ന്നാണ് 4 വയസുകാരന്‍ റൈസ് പ്രിച്ചാര്‍ഡിനെയുമെടുത്ത് അമ്മ കെയ്ഷ ആശുപത്രിയിലെത്തിയത്. ചെറിയ മുറിവ് തുന്നിക്കെട്ടി ചികിത്സ നല്‍കി ഡോക്ടര്‍മാര്‍ അവരെ മടക്കി അയച്ചു.എന്നാല്‍ വീട്ടിലെത്തി കുറച്ചുകഴിഞ്ഞതോടെ റൈസ് ശര്‍ദ്ദിക്കാന്‍ തുടങ്ങി. അവന് തന്റെ കണ്ണുകള്‍ തുറക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.പതിയെ കണ്ണുകള്‍ ചുവന്ന് വീര്‍ക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവന്റെ നില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന് പനി കൂടുകയും ശരീരമാസകലം കടുത്ത വേദനയനുഭവപ്പെടുകയും ചെയ്തു. കണ്ണില്‍ നിന്ന് നിര്‍ത്താതെ നീരൊഴുക്കുണ്ടായി.
കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഈ കുരുന്നെന്ന് മനസ്സിലായത്.ത്വക്കില്‍ കടന്നുകൂടിയാല്‍ ജീവന് ഭീഷണിയാണ് ഈ ബാക്ടീരിയ. രക്തത്തിലും അണുബാധയുണ്ടായതായി പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ നില മോശമായിക്കൊണ്ടിരിക്കുകയാണെന്നും രക്ഷിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നുമായിരുന്നു ഡോക്ടര്‍മാരുടെ അറിയിപ്പ്.കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. അമ്മ കെയ്ഷയുടെ ഹൃദയം തകര്‍ന്ന നിമിഷങ്ങളായിരുന്നു അത്. പക്ഷേ ഭാഗ്യം റൈസിനെ തുണച്ചു. പതിയെ ആ കുരുന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങി. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു. അതേസമയം കണ്ണിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.