കോഴിക്കോട്: കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി രസില രാജുവിന് മാനേജരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍. പുണെ ഹിന്‍ജേവാഡി ഇന്‍ഫോസിസില്‍ കൊല്ലപ്പെട്ട കോഴിക്കോട് പയിമ്പ്ര സ്വദേശി രസീല രാജുവിനെ കമ്പനി മാനേജര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം നിരവധി തവണ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നതായാണ് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. അടുത്ത ദിവസങ്ങളില്‍ പൂനെയിലെത്തി മാനേജര്‍ക്കെതിരെ പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതിയായ സുരക്ഷാ ജീവനക്കാരന്‍ ബാബന്‍ സൈക്കിയയെക്കുറിച്ച് രസീല ഒരിക്കലും പരാതി പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തുറിച്ചുനോക്കിയതിന്റെ പേരില്‍ കയര്‍ത്ത രസീല, സെക്യൂരിറ്റി ഓഫിസര്‍ക്കു പരാതി നല്‍കുമെന്നു പറഞ്ഞതിന്റെ ദേഷ്യം തീര്‍ക്കാനാണ് ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.
രസീലയുമായി ഫോണില്‍ അവസാനം സംസാരിച്ചത് മാതൃസഹോദരിയുടെ മകള്‍ ആതിരയാണ്. ഞായറാഴ്ച വൈകുന്നേരം 4.55ന് ആയിരുന്നു ഇത്. പുണെയില്‍നിന്ന് ട്രാന്‍സ്ഫര്‍ ലഭിക്കാത്തതിലുള്ള സങ്കടത്തിലായിരുന്നു രസീല. സംസാരിച്ചതു മുഴുവന്‍ മാനേജരില്‍നിന്നു നേരിടുന്ന മാനസിക സമ്മര്‍ദത്തെകുറിച്ചും. പുണെയില്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ മൂന്നു മാസം രസീല വളരെയധികം സന്തോഷത്തിലായിരുന്നു. പിന്നീട് മാനേജരില്‍നിന്നു നിരന്തരം ഭീഷണി നേരിടുന്നതായി സഹോദരനെ അറിയിച്ചിരുന്നു. രസീലയുടെ സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം കാണാതായ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കുശേഷം പുണെയിലെത്തി മാനേജര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
ഞായറാഴ്ചയാണ് പുണെ ഹിന്‍ജേവാഡി ഐടി പാര്‍ക്കില്‍ ഫെയ്‌സ് രണ്ടിലെ ഇന്‍ഫോസിസ് കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ രസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ആയിരുന്നിട്ടും ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് ഉച്ചയ്ക്കു രണ്ടിന് ഓഫിസിലെത്തിയ രസില, ഓണ്‍ലൈന്‍ വഴി ബെംഗളൂരുവിലെ ഇന്‍ഫോസിസ് ടീമുമായി ചേര്‍ന്നു ജോലി ചെയ്യുകയായിരുന്നു.
വൈകിട്ട് അഞ്ചിനു ശേഷം ഓണ്‍ലൈനില്‍ ലഭ്യമാകാതെ വന്നപ്പോള്‍ ടീമംഗങ്ങള്‍ പലവട്ടം ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല. തുടര്‍ന്നു പുണെ ഓഫിസില്‍ അറിയിക്കുകയായിരുന്നു. വൈകിട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലാണു കൊല നടന്നതെന്നാണു പൊലീസ് പറയുന്നത്.