റഷ്യയില്‍ വ്‌ലാഡിമിര്‍ പുട്ടിന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

മോസ്‌കോ: റഷ്യയില്‍ വ്‌ലാഡിമിര്‍ പുട്ടിന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇനി ആറ് വര്‍ഷം കൂടി അദ്ദേഹത്തിന് പദവിയില്‍ തുടരാം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുട്ടിന്‍ നാലാം തവണയും റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. 2024 വരെ പുട്ടിന് അധികാരത്തില്‍ തുടരാം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിന് കാര്യമായ വെല്ലുവിളി ഉണ്ടായില്ല. ഏഴ് സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുണ്ടായിരുന്നെങ്കിലും ആരും കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. പുട്ടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവല്‍നിക്കു കോടതിവിലക്കു മൂലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നില്ല. കോടീശ്വരനും കമ്മ്യൂണിസ്റ്റുമായ പാവേല്‍ ഗ്രുഡിനിന്‍, പുട്ടിന്റെ രാഷ്ട്രീയ ഗുരുവിന്റെ പുത്രി സീനിയ സോബ്ചക്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് വ്‌ലാഡിമിര്‍ ഷിറിനോവ്‌സ്‌കി എന്നിവരും മത്സരിച്ച പ്രമുഖരാണ്. വോട്ടെടുപ്പില്‍ വിജയിച്ച പുട്ടിന്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ പതിനൊന്ന് സമയമേഖലകളിലായി ( ടൈം സോണ്‍ ) 10.73കോടി വോട്ടര്‍മാര്‍ക്കായി 97,000 പോളിംഗ് ബൂത്തുകള്‍ ഒരുക്കിയിരുന്നു. മോസ്‌കോയിലെ ബൂത്തിലാണ് പുട്ടിന്‍ വോട്ട് രേഖപ്പെടുത്തിയത്.പല മേഖലകളിലും കനത്ത പോളിംഗാണ് നടന്നത്. പല കേന്ദ്രങ്ങളിലുമായി 64% മുതല്‍ 76% വരെ പോളിംഗ് നടന്നതായി നൊവോസ്തി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശരാശരി 70.5 ആണ് പോളിംഗ്. 65കാരനായ പുട്ടിന്‍ 1999 മുതല്‍ പ്രധാനമന്ത്രിയായോ പ്രസിഡന്റായോ റഷ്യയിലെ ഏറ്റവും ഉന്നതനായ നേതാവായി തുടരുകയാണ്.

Top