പ്രളയത്തിന്റെ കെടുതികള്‍ക്കിടെ സംസ്ഥാനത്ത് ഭീതിപരത്തി വീണ്ടും എലിപ്പനി. രണ്ട് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് എട്ടുപേരാണ് സംസ്ഥാനത്ത് മരിച്ചത്. ബുധനാഴ്ച മാത്രം 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍,പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ആരോഗ്യവകുപ്പ് അതി ജാഗ്രതാ നിര്‍ദേശം നല്‍കി.
ആഗസ്റ്റില്‍ മാത്രം എലിപ്പനി ബാധിച്ച് 28പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരത്ത് നാലുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും മലപ്പുറത്ത് എട്ടുപേര്‍ക്കും കോഴിക്കോട് 11 പേര്‍ക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇത് കൂടാതെ പ്രളയമേഖലയില്‍ ഉള്‍പ്പെടെ ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ച രോഗങ്ങളും വ്യാപകമാകുന്നുണ്ട്.
തിരുവനന്തപുരം,കൊല്ലം, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി സ്ഥിരീകരിച്ചത്. ചിക്കന്‍പോക്‌സും വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തമടക്കമുളളവയും പ്രളയബാധിത മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രളയം ഏറെ നാശം വിതച്ച സ്ഥലങ്ങളില്‍ ഗുരുതര പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്. പലവിധ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതിനാല്‍ എല്ലാമുന്‍കരുതലുകളും സ്വീകരിക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിറയലോട് കൂടിയ ഏത് പനിയെയും എലിപ്പനിയായി കണ്ട് ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.