ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒരു ദിവസത്തെ ശമ്പളം എത്രയെന്നോ? 7000 രൂപ. കൃത്യമായി പറഞ്ഞാല്‍ 6983 രൂപ 25 പൈസ.ഒരു മാസത്തെ അദ്ദേഹത്തിന്റെ ശമ്പളം 2 ലക്ഷത്തില്‍ അധികം വരും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ആര്‍ബിഐ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹത്തിനു കിട്ടിയ ശമ്പളം 2.9 ലക്ഷമാണ്.മുന്‍ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ സെപ്റ്റംബര്‍ നാലിനാണ് സ്ഥാനമൊഴിഞ്ഞത്. നാലു ദിവസത്തെ ശമ്പളമായ 27,933 രൂപ സ്ഥാനമൊഴിയുമ്പോള്‍ അദ്ദേഹം കൈപ്പറ്റിയിരുന്നതായും വിവരാവകാശ രേഖകള്‍ പറയുന്നു.
2013 സെപ്റ്റംബറില്‍ സ്ഥാനമേല്‍ക്കുമ്പോള്‍ രഘുറാം രാജന്റെ ശമ്പളം 1.69 ലക്ഷമായിരുന്നു. പിന്നീട് 2014 ലും 2015 ലും യഥാക്രമം 1.78, 1.87 ലക്ഷമായി ഉയര്‍ത്തി. കഴിഞ്ഞ ജനുവരിയില്‍ അത് 2.09 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. അതായത് വര്‍ഷത്തില്‍ പതിനായിരത്തില്‍ അധികം രൂപയുടെ വര്‍ധന. കഴിഞ്ഞ വര്‍ഷമാകട്ടെ ഉയര്‍ത്തിയത് 20000 രൂപയോളം. കൂടാതെ മൂന്നു കാറും നാലു ഡ്രൈവര്‍മാരും അദ്ദേഹത്തിന് അനുവദിച്ചിരുന്നു.