സ്വന്തം ലേഖകൻ
ബാംഗ്ലൂർ: റിസർവ് ബാങ്ക് പുതുതായി വിപണിയിൽ ഇറക്കിയ രണ്ടായിരം രൂപ നോട്ടിൽ പ്രസംഗം ഉൾപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദക്കുരുക്കിൽ. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുകയുമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മഹാത്മജിയുടേതല്ലാതെ മറ്റൊരു വ്യക്തിയുടെയും ചിത്രം ഇന്ത്യയുടെ കറൻസിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മോദിയുടെ പ്രസംഗം നോട്ടിൽ ഉൾപ്പെടുത്തിയതിനെതിരെ ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള സ്വാഭിമാൻ സംഘം സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്.
പുതുതായി റിസർവ് ബാങ്ക് പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടിലാണ് മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. നോട്ടിലെ സെക്യൂരിറ്റി ത്രൈഡ് മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്താൽ നോട്ടിൽ മോദിയുടെ ഒരു മിനിറ്റു ദൈർഖ്യമുള്ള പ്രസംഗം കാണാൻ സാധിക്കും. മോദി കി നോട്ട് എന്ന മൊബൈൽ ആപ്പ് വഴി നോട്ടിലെ സെക്യൂരിറ്റി ത്രൈഡ് സ്‌കാൻ ചെയ്താലാണ് മോദിയുടെ പ്രസംഗം കേൾക്കാൻ സാധിക്കുന്നത്. നോട്ട് നിരോധിച്ചു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ, കള്ളപ്പണത്തിനും അഴിമതിക്കും എതിരെ പറഞ്ഞ വാക്കുകളാണ് നോട്ടിലെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വന്തന്ത്ര്യ ഇന്ത്യയിൽ കറൻസി നോട്ടുകൾ പുറത്തിറക്കിയ ശേഷം ആദ്യമായാണ് നോട്ടിൽ രാഷ്ട്രപിതാവിന്റെയല്ലാതെ മറ്റൊരു നേതാവിന്റെ ചിത്രം കാണാൻ സാധിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണെങ്കിലും നോട്ടിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയത് രാഷ്ട്രപിതാവിനെ അപമാനിക്കലാണെന്നാണ് ബാംഗ്ലൂരിൽ നിന്നുള്ള സ്വാഭിമാൻ സംഘത്തിന്റെ പരാതി. ഇത്തരത്തിൽ സത്യപ്രതിജ്ഞാ ലംഘനവും രാഷ്ട്രപിതാവിനെ അപമാനിക്കലും നടത്തിയ നരേന്ദ്രമോദിയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.