
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ഇടതു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നു വി.എസ് അച്യുതാനന്ദൻ വിട്ടു നിന്നേക്കുമെന്നു സൂചന. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൺടോൺമെന്റ് ഹൗസ് ഒഴിയാൻ തയ്യാറെടുക്കുന്ന വി.എസ് അച്യുതാനന്ദൻ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നു വിട്ടു നിൽക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നു കാട്ടി വിഎസ് അച്യുതാനന്ദൻ ഇന്ന് രാവിലെ സീതാറാം യെച്യൂരിയെ വിവരം അറിയിച്ചിട്ടുണ്ട്. വിഎസ് വിട്ടു നിന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദമാകുമെന്ന സാഹചര്യത്തിൽ വിഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര – സംസ്ഥാന നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
സംസഥാനത്തെമ്പാടും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഓടി നടന്ന വിഎസ് അച്യുതാനന്ദനു ആരോഗ്യ പ്രശ്നങ്ങളാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു ഇടതു മുന്നണി മാറ്റി നിർത്തുകയായിരുന്നു. ധർമ്മടത്തു നിന്നുള്ള എംഎൽഎയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണരായി വിജയനെ സിപിഎം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയുമായി പ്രഖ്യാപികകുകയായിരുന്നു. പ്രതിഷേധ സ്വരങ്ങൾ പരസ്യമായി ഉയർത്തിയില്ലെങ്കിലും, ഒരു ഘട്ടത്തിൽ പോലും പിണറായി വിജയനു പരസ്യപിൻതുണ നൽകാൻ വിഎസ് തയ്യാറായിട്ടില്ലെന്നതു വളരെ ശ്രദ്ധേയമായ കാര്യമാണ്. ഈ സാഹചര്യത്തിലാണ് വിഎസ് ആദ്യമായി പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാൻ ഒരുങ്ങുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴയിലെ വീട്ടിലേയ്ക്കു മടങ്ങാൻ ഒരുങ്ങിയ വിഎസിനെ സിപിഎം കേന്ദ്ര നേതാക്കൾ ഇടപെട്ടാണ് തിരുവനന്തപുരത്തു തന്നെ തുടരാൻ തീരുമാനം എടുപ്പിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഏറെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ ഉറപ്പാണെന്നും, സിപിഎം പോളിറ്റ് ബ്യൂറോയിലേയ്ക്കു വിഎസിനെ തിരികെ എടുക്കുമെന്നും പ്രഖ്യാപിച്ചാണ് സിപിഎം ഇപ്പോൾ വിഎസിനെ അനുനയിപ്പിച്ചത്. എന്നാൽ, ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഒന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇപ്പോൾ വിഎസ് ഇടഞ്ഞു നിൽക്കുന്നത്.