ചിരവൈരികൾ ഒപ്പത്തിനൊപ്പം; ലാലീഗയിൽ കിരീടം ഫോട്ടോഫിനിഷിലേയ്ക്ക്

സ്‌പോട്‌സ് ലേഖകൻ

മാഡ്രിഡ്: ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ സ്പാനിഷ് ലീഗിൽ കിരീടധാരണം ശനിയാഴ്ച. 37ാം മത്സരത്തിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും വിജയിച്ചതോടെ കിരീടപ്പോരാട്ടം ശനിയാഴ്ചയിലേക്ക് നീണ്ടത്. ബാഴ്‌സലോണ എസ്പാനിയോളിനെയും റയൽ മാഡ്രിഡ് വലൻസിയെയുമാണ് കീഴടക്കിയത്. ലീഗിൽ ഒരു റൗണ്ട് മത്സരം മാത്രം ശേഷിക്കെ 88 പോയിന്റാണ് ബാഴ്‌സയ്ക്ക്. റയലിന് 87 പോയിന്റും അത്‌ലറ്റിക്കോയ്ക്ക് 85 പോയിന്റും. അതേസമയം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അത്‌ലറ്റികോ മാഡ്രിഡ് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇതോടെ അവസാന മത്സരത്തിൽ അവർ ജയിക്കുകയും ബാഴ്‌സയും റയലും തോൽക്കുകയും ചെയ്താലും അവർക്ക് കിരീടം തിരിച്ചുപിടിക്കാനാവില്ല. അത്‌ലറ്റികോ മാഡ്രിഡിന് 85 പോയിന്റാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവസാന മത്സരത്തിൽ ബാഴ്‌സലോണ എവേ പോരാട്ടത്തിൽ ഗ്രനാഡയ്‌ക്കെതിരേയും റയൽ മാഡ്രിഡ് മറ്റൊരു എവേ പോരാട്ടത്തിൽ ഡിപ്പോർട്ടീവൊ ല കൊരുണയ്‌ക്കെതിരേയും ഇറങ്ങും. 13ാം സ്ഥാനക്കാരാണ് ഡിപ്പോർട്ടീവോ. ഗ്രനാഡ 16ാം സ്ഥാനത്തും. ഈ മത്സരത്തിൽ ബാഴ്‌സ വിജയിച്ചാൽ അവർക്ക് കിരീടം നിലനിർത്താം. മറിച്ച് റയലിന് കിരീടം നേടണമെങ്കിൽ ബാഴ്‌സലോണ തോൽക്കുകയോ സമനിലയിൽ കുരുങ്ങുകയോ ചെയ്യുന്നത്തിനൊപ്പം ക്രിസ്റ്റിയാനോക്കും കൂട്ടർക്കും വിജയിക്കുകയും വേണം.

എസ്പാനിയോളിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയമാണ് ബാഴ്‌സലോണ നേടിയത്. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു കറ്റാലൻ പടയുടെ വിജയം. എട്ടാം മിനിറ്റിൽ സുന്ദരമായ ഫ്രീകിക്കിലൂടെ മെസ്സി തുടങ്ങിവെച്ച ഗോൾ മഴ 83ാം മിനിറ്റിൽ നെയ്മറിലൂടെ പൂർത്തിയാക്കി. 52, 61 മിനിറ്റുകളിൽ ലൂയി സുവാരസും 74ാം മിനിറ്റിൽ അൽകാൻഡ്രയും ബാഴ്‌സക്കായി ലക്ഷ്യം കണ്ടു. ലീഗിൽ സുവാരസിന്റെ ഗോൾ നേട്ടം 37 ആയി. എല്ലാ മത്സരങ്ങളിലുമായി 56 ഗോളുകളും സുവാരസ് ഈ സീസണിൽ സ്വന്തം പേരിലാക്കി.
വലൻസിയക്കെതിരെ സാന്റിയാഗോ ബെർണാബുവിൽ നടന്ന പോരാട്ടത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളാണ് റയലിന് വിജയം നേടിക്കൊടുത്തത്. 26, 59 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോ വലൻസിയ വല കുലുക്കിയത്. 42ാം മിനിറ്റിൽ കരിം ബെൻസേമയും റയലിനായി ലക്ഷ്യം കണ്ടു. വലൻസിയക്ക് വേണ്ടി 55ാം മിനിറ്റിൽ റോഡ്രിഗോയും 81ാം മിനിറ്റിൽ ആന്ദ്രെ ഗോമസും ലക്ഷ്യം കണ്ടു. കളിയുടെ അവസാന മിനിറ്റുകളിൽ വലൻസിയൻ മുന്നേറ്റത്തെ പിടിച്ചുനിർത്താൻ റയലിന് ഏറെ പണിപ്പെടേണ്ടിവന്നെങ്കിലും അന്തിമ വിജയം സിദാന്റെ കുട്ടികൾക്കായി.

അതേസമയം ലെവന്റെക്കെതിരായ എവേ മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് അത്‌ലറ്റികോ മാഡ്രിഡ് പരാജയം രുചിച്ചത്. കളി തുടങ്ങി എതിരാളികൾ നിലയുറപ്പിക്കും മുൻപേ ഫെർണാണ്ടോ ടോറസിലൂടെ അത്‌ലറ്റികോ ലീഡ് നേടി. എന്നാൽ എന്നാൽ വിക്ടർ ലെവന്റെ സമനില പിടിച്ചു. പിന്നീട് ഇരുടീമുകളും വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും വല മാത്രം കുലുങ്ങിയില്ല. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് 90ാം മിനിറ്റിൽ ഗിസെപ്പെ റോസി അത്‌ലറ്റികോയുടെ ഹൃദയം പിളർന്ന ഗോൾ നേടിയത്.

വിജയഗോളിനായി ഏവരും മുന്നോട്ട് കയറിയത് അത്‌ലറ്റിക്കോയ്ക്ക് വിനയായി. ജോസ് ലൂയിസ് മൊറലെസിന് പന്ത് ലഭിക്കുമ്പോൾ അത്‌ലറ്റിക്കോയുടെ ഒരു താരം മാത്രമായിരുന്നു പ്രതിരോധ നിരയിലുണ്ടായിരുന്നത്. ഓടിയെത്തിയ റോസിക്ക് മൊറലെസ് പന്ത് മറിച്ചു നൽകി, ക്ലോസ് റേഞ്ചിൽ നിന്ന് കിറുകൃത്യം ഷോട്ട് വലകുലുക്കിയതോടെ അത്‌ലറ്റിക്കോ ഞെട്ടിത്തരിച്ചു. ഇതോടെ കിരീട പോരാട്ടത്തിൽ നിന്ന് അവർ പിന്തള്ളപ്പെടുകയും ചെയ്തു.

Top