തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ അപ്രതീക്ഷിത നിരോധനം കൊണ്ട് സര്‍ക്കാര്‍ ആരെയാണ് ലക്ഷ്യം വയ്ക്കുന്നത്.. അടുത്തിടെ ആംബിറ്റ് കാപ്പിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ പ്രചാരത്തിലുള്ള കള്ളപ്പണത്തിന്റെ അളവ് 30 ലക്ഷം കോടി രൂപയിലേറെയാണ്. മൊത്ത ആഭ്യന്തര ഉദ്പാദനത്തിന്റെ 20 ശതമാനത്തോളം വരുമിത്. പ്രചാരത്തിലുള്ളത് 16.6 ലക്ഷം കോടി രൂപയാണെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ഥത്തില്‍ കള്ളപ്പണത്തിലേറെയും ഒളിഞ്ഞിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലാണ്. ഇത് മൊത്ത ആഭ്യന്തര ഉദ്പാദനത്തിന്റെ 11 ശതമാനത്തോളം വരുമെന്ന് 2012ല്‍ പുറത്തിറക്കിയ കള്ളപ്പണത്തെക്കുറിച്ചുള്ള ധവള പത്രത്തില്‍ പറയുന്നു. സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലുമുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോഴത്തെ തീരുമാനം കടുത്ത തിരിച്ചടിയാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതു മാത്രമല്ല, തിരഞ്ഞെടുപ്പുകളെപ്പോലും ഇത് തിരിഞ്ഞുകുത്തും. ഏറ്റവും കൂടുതല്‍ പണമൊഴുകിയിരുന്ന യു.പിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ പണമൊഴുക്ക് വന്‍തോതില്‍ നിയന്ത്രിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.
രാജ്യത്ത് കള്ളപ്പണം ഒഴുകുന്നത് കെട്ടിട നിര്‍മ്മാണ മേഖലയിലും സ്വര്‍ണ്ണ കടകളിലേക്കുമാണെന്നതാണ് വിലയിരുത്തലുകള്‍. ഇത് ശരിയാണെന്ന് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനും സമ്മതിക്കും. തീവ്രവാദികള്‍ പോലും പണം നേടുന്നത് ഈ മേഖലകളുടെ സമര്‍ത്ഥമായ വിനിയോഗത്തിലൂടെയാണ്. വലിയ തോതില്‍ കള്ളപ്പണം ഈ മേഖലയില്‍ കെട്ടികിടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടേയും കണ്ടെത്തല്‍. അതുകൊണ്ട് തന്നെ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ ഈ രണ്ട് മേഖലകളും പ്രതിസന്ധിയിലാകും. തീരുമാനത്തിലൂടെ സമൂഹത്തിലെ കള്ളപ്പണത്തെ നിയന്ത്രിക്കാനാവുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളുടെ ഏറ്റവും വലിയ രണ്ട് നിക്ഷേപ മാര്‍ഗങ്ങളും ഇല്ലാതാകുമെന്നതാണ് വസ്തുത. റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലുമാണ് കള്ളപ്പണ നിക്ഷേപമേറെയും. ഈ രണ്ട് മേഖലകളിലും വ്യാപാരം നിലയ്ക്കും. ഇത് ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കും.
കള്ളപ്പണം തടയാനുള്ള തീരുമാനം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിക്ഷേപക അന്തരീക്ഷത്തിന് അനുകൂല ഘടകമാകും. മെച്ചെപ്പട്ട സമ്പദ്വ്യവസ്ഥയാണു തീരുമാനത്തിന്റെ ഭാവിയിലെ ഫലം. ജിഎസ്ടി നികുതി സംവിധാനം പോലും പുതിയ ഘടനാപരമായി പുതിയ തീരുമാനത്തെ ഉള്‍ക്കൊള്ളുന്നതാണ്. സ്വര്‍ണവ്യാപാരത്തിന്റെ മേലും വസ്തുവ്യാപാരത്തിന്റെ മേലും ഭരണകൂടത്തിനു നിയന്ത്രണം വരുന്നതോടെ നികുതിവരുമാനം കൂടും. വസ്തുവില കുറയുകയും ചെയ്യും. ഇത് സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാകും. പൂര്‍ണമായും ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടക്കുന്ന ഓഹരി വിപണികളുടെ പ്രവര്‍ത്തനത്തെ തീരുമാനം ഒരു തരത്തിലും ബാധിക്കില്ല. ഓഹരി വ്യാപാരം പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചു മാത്രമേ പാടുള്ളു എന്ന നിയമം രണ്ടു വര്‍ഷം മുന്‍പു തന്നെ പ്രാവര്‍ത്തികമായിരുന്നു. പേപ്പര്‍ കറന്‍സികള്‍ ഉപയോഗിക്കാത്ത വിപണികള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നും ഉറപ്പ്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴെ കള്ളപ്പണത്തിനെ തടയുമെന്ന് പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കാന്‍ പദ്ധതി തയ്യാറക്കി നടപ്പിലാക്കി. ഇതിനൊപ്പം വിദേശത്ത് നിന്നെത്തുന്ന ഫണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ പല ഫ്ലാറ്റ് നിര്‍മ്മാതാക്കളും പ്രതിസന്ധിയിലായി. തിരുവനന്തപുരത്തെ പ്രധാന ഫ്ലാറ്റ് നിര്‍മ്മാതാവിന്റെ പണികളെല്ലാം നിലച്ചത് ഇതിന് തെളിവായി വിലയിരുത്തിയവരുണ്ട്. ഇതിനിടെയില്‍ സാംസണ്‍ ആന്‍ഡ് സണ്‍ പോലുള്ള കമ്പനികള്‍ പൊളിഞ്ഞു വീണു. സ്വര്‍ണ്ണ മുതലാളിമാരായ അവതാറും ഫ്രാന്‍സിസ് ആലുക്കാസുമെല്ലാം പ്രതിസന്ധിയുടെ പടുകുഴിയിലായി. ഇത്തരം കമ്പനികളുടെ അസ്ഥിവാരം ഇളക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. കൈയിലുള്ള 1000, 500 രൂപയുടെ കള്ളപ്പണ ശേഖരം ഇനി ആര്‍ക്കും തുണയാകില്ല. പല സ്വര്‍ണ്ണ മുതലാളിമാരും ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചാണ് സ്വര്‍ണ്ണക്കച്ചവടം നടത്തുന്നത്. ഇവര്‍ റിയില്‍ എസ്റ്റേറ്റില്‍ പണം നിക്ഷേപിച്ച് വമ്പന്‍ ലാഭമുണ്ടാക്കുകയാണ് പതിവ്. ഇത്തരം കള്ളക്കളികും നടക്കില്ല.
സാധാരണക്കാരില്‍ നിന്ന് പണം പിരിച്ചെടുത്ത് റിയില്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ച് ഇരട്ടി ലാഭമുണ്ടാക്കുന്ന സ്വര്‍ണ്ണ മുതലാളിമാര്‍ക്കും തിരിച്ചടിയാണ്. കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലൂടെ കഴിഞ്ഞു. വിദേശത്ത് നിന്നും മറ്റുമെത്തുന്ന പണം മോഹിച്ച് പദ്ധതി തുടങ്ങിയതെല്ലാം രണ്ട് വര്‍ഷം കൊണ്ട് നിലച്ച അവസ്ഥയിലാണ്. നോട്ടുകളുടെ നിരോധനം കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. വിദ്യാഭ്യാസ കച്ചവടത്തിലൂടെ കോടികള്‍ തട്ടിയെടുക്കുന്ന സ്വാശ്രയ കോളേജുകളും തീരുമാനത്തില്‍ അടിതെറ്റിയവരാണ്. നിയമവിരുദ്ധമായി വാങ്ങിയെടുക്കുന്ന കാശ് മുഴുവന്‍ കറന്‍സി രൂപത്തിലാകും. ഈ തുക ഇനി പുറത്ത് കാട്ടാന്‍ കഴിയില്ല. മെഡിക്കല്‍ സീറ്റ് കച്ചവടത്തിലൂടെ ശത കോടികള്‍ നേടിയ സാശ്രയ കോളേജുകള്‍ക്ക് ഈ പണം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാകും. ഇതിനൊക്കെ വേണ്ടിയാണ് കരുതലോടെ അതിവേഗം നോട്ട് നിരോധനം മോദി സര്‍ക്കാര്‍ നടപ്പാക്കിയത്.
റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ തിരിച്ചടിയാകും ഉണ്ടാവുകയെന്നാണ് എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ് പറയുന്നത്. വസ്തുവിലയില്‍ വലിയ കുറവുണ്ടാകും. സ്വര്‍ണ വിപണിയിലും ഇത് വലിയ ആഘാതം സൃഷ്ടിക്കും. വര്‍ഷം തോറും 900 മുതല്‍ 1000 ടണ്‍ സ്വര്‍ണം വരെയാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. വ്യാപാരത്തില്‍ ഗണ്യമായ കുറവ് ഇതോടെ അനുഭവപ്പെടുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ കള്ളപ്പണം ശേഖരിക്കപ്പെട്ടിട്ടുള്ളത് സ്ഥാവര വസ്തുക്കളായ ഭൂമിയിലും സ്വര്‍ണത്തിലുമായാണ്. ഇതിന് പകരമായി ഇടപാടുകള്‍ ധനകാര്യ നിക്ഷേപങ്ങളിലേക്ക് മാറും. ധനകാര്യ നിക്ഷേപങ്ങളില്‍ തിരിച്ചറിയല്‍ സാധ്യത കൂടുതലാണെന്നതിനാല്‍ കള്ളപ്പണം തടയപ്പെടും.
ഇത് കള്ളപ്പണ നിക്ഷേപകര്‍ക്ക് കനത്ത ആഘാതമാകും. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താതെ ഇടപാടുകള്‍ നടത്താനാവില്ലെന്ന സ്ഥിതിയായി മാറും.
രാജ്യത്തിന്റെ കറന്‍സിയുടെ ഭദ്രത ഉറപ്പാക്കുന്ന തീരുമാനം നാണ്യവിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യമുയരാന്‍ കാരണമാകും. അമേരിക്കന്‍ തിരഞ്ഞെടുപ്പു ഫലം ഡോളറിനെ ശക്തിപ്പെടുത്തിയാലും ചെറിയ ഇടിവുകള്‍ മാത്രമേ രൂപയ്ക്കുണ്ടാകൂ. ഇപ്പോഴും പണം ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന വ്യവസായങ്ങളെ ചെറിയ രീതിയില്‍ തീരുമാനം ബാധിച്ചേക്കാം. അക്കൗണ്ടിലൂടെ എന്നതിനെക്കാള്‍ അധികം പണം കൈമാറ്റം ചെയ്യപ്പെടുന്ന മേഖലകളെ സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധിയിലാക്കും.