കൊച്ചി: സംസ്ഥാനത്ത് കള്ളപ്പണ നിയന്ത്രണം വരുന്നതോടെ 7500 കോടിയുടെ കള്ളപ്പണം മരവിക്കും. ഇതോടെ സിനിമാ റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലാകും. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് കോടികളുടെ കള്ളപ്പണ നിക്ഷേപം നടക്കുന്നത്.
റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണമേഖല, സിനിമാ നിര്‍മ്മാണം എന്നിവയിലേക്ക് ഒഴുകിയെത്തിയ പണത്തിന്റെ കണക്കില്‍ കൊച്ചിയാണു മുന്നില്‍. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാത്രം സംസ്ഥാനത്ത് 5000 കോടി രൂപയുടെ കള്ളപ്പണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ മുടക്കുന്ന തുകയുടെ പകുതി കള്ളപ്പണമാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. കഴിഞ്ഞ മൂന്നുമാസം മാത്രം 26,359 വിലയാധാരങ്ങളാണ് എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി-റജിസ്ട്രേഷന്‍ ഫീസായി സര്‍ക്കാരിനു ലഭിച്ചത് 400 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ കൊച്ചിയിലും പരിസരപ്രദേശങ്ങളിലും 10,000 കോടി രൂപയുടെ ഭൂമിവില്‍പനയാണു നടന്നത്. ഇതില്‍ 4000 കോടി രൂപയിലധികം കള്ളപ്പണമാണെന്നാണ് വലിയിരുത്തല്‍. ഇത്തരം കച്ചവടങ്ങള്‍ അവസാനിക്കുന്നതോടെ വസ്തുവിലയും കുറയും.
ഈയിടെ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി നിയമം കേന്ദ്രം പാസാക്കിയതും നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടിയാണ്. വന്‍തകര്‍ച്ച നേരിടുന്നതു ഭൂമിയെ വെറും ക്രയവിക്രയ വസ്തുവായി കരുതി ഊഹക്കച്ചവടത്തിന് ഉപയോഗിച്ചിരുന്നവര്‍ക്കാണ്. അത്തരം കച്ചവടം മിക്കവാറും പൂര്‍ണമായി കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും പുറത്തായിരുന്നു നടന്നിരുന്നത്. കൈക്കൂലിയായിട്ടോ മറ്റു വിധത്തിലോ ഉണ്ടാവുന്ന കള്ളപ്പണം ചെലവഴിക്കാനുള്ള മാര്‍ഗമായി ഫ്ലാറ്റ് വാങ്ങലിനെ ഉപയോഗിച്ചിരുന്നവരുണ്ട്. അത്തരം ബില്‍ഡര്‍മാരും വിശ്വാസ്യത നഷ്ടപ്പെട്ട് ഇന്നു പ്രതിസന്ധിയിലാണ്. റിയല്‍ എസ്റ്റേറ്റില്‍ അങ്ങനെ സൃഷ്ടിക്കപ്പെടാനിടയുള്ള മാന്ദ്യം താമസിയാതെ മാറുമെന്നും യഥാര്‍ഥ ആവശ്യക്കാര്‍ വാങ്ങാനായി രംഗത്തു വരുമെന്നും കരുതപ്പെടുന്നു. ഗള്‍ഫിലെ മാന്ദ്യം മൂലം വിദേശമലയാളികള്‍ ഫ്ലാറ്റില്‍ നിക്ഷേപം നടത്തിയിരുന്നതു കാര്യമായി കുറഞ്ഞിട്ടുണ്ട്. അതിനിടെയാണ് പുതിയ തീരുമാനം വന്നത്.
7500 കോടിയോളം രൂപം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പലരും നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ നീക്കത്തിലൂടെ ആരും ഫ്ലാറ്റ് വാങ്ങാന്‍ എത്താതെയാകും. കേരളത്തിലെ പ്രധാന നഗരത്തിലെല്ലാം 50 ലക്ഷത്തിലും മുകളിലാണ് ചെറിയ ഫ്ലാറ്റുകളുടെ പോലും വില. ഇത് വാങ്ങാനുള്ള കരുത്ത് തല്‍കാലത്തേക്ക് പലര്‍ക്കും ഇല്ലാതായി. ഇതിനൊപ്പം നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകളുടെ നിര്‍മ്മാണത്തിന് കൂടുതല്‍ തുക കണ്ടെത്താനും വിഷമമുണ്ടാുകം. ഇതും ഈ മേഖലയെ തകര്‍ക്കും.
എന്നാല്‍ സ്വര്‍ണ്ണക്കച്ചവടക്കാര്‍ പ്രതീക്ഷയിലാണ്. കള്ളപ്പണക്കാരെല്ലാം ഇനി സ്വര്‍ണം വാങ്ങി സൂക്ഷിക്കുമെന്നാണ് വിലയിരുത്തല്‍. പണത്തിന് പകരം സ്വര്‍ണം സൂക്ഷിച്ചവര്‍ക്ക് ഇനി ചാകരക്കാലമാണെന്ന പ്രചരണവും സ്വര്‍ണ്ണക്കാടക്കാര്‍ നടത്തുന്നുണ്ട്. സ്വര്‍ണം വാങ്ങുന്നതിലേക്ക് കൂടുതല്‍ പേരെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എത്തിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ സ്വര്‍ണം വാങ്ങുന്നവരുടെ പാന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തണമെന്ന തീരമാനം സ്വര്‍ണ്ണകടക്കാരെ കുരുക്കിലാക്കും.