കൊച്ചി: നോട്ടു നിരോധനം ഏറ്റവും കൂടുതല്‍ തിരിച്ചടി നല്‍കിയത് റിയല്‍എസ്റ്റേറ്റ് മേഖലകളിലണ്. ഏറ്റവും കൂടുതല്‍ കള്ളപ്പണം ഭൂമി കച്ചവടത്തിനായി ഒഴികിയിരുന്നത് കൊണ്ട് തന്നെ അടുത്തകാലത്തൊന്നും ഈ മേഖല ഉണര്‍വിലേക്കെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
വസ്തുക്കളുടെ വില്‍പ്പനയിലും 70 ശതമാനത്തോളം കുറവുണ്ടായതായി സംസ്ഥാന രജിസ്ട്രേഷന്‍ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതായി മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ മാസം 6649 ഇടപാടുകളാണ് ജില്ലയില്‍ നടന്നത് എന്നാല്‍ പോയ മാസം ഇത് 4376 ആയി ചുരുങ്ങി. വില്‍പ്പന ആധാരങ്ങളുടെ എണ്ണമാണ് ഇപ്പോള്‍ കുറഞ്ഞവയില്‍ ഭൂരിഭാഗവും. അതേസമയം മധ്യസ്ഥം, ഇഷ്ടാധാരം, പാര്‍ട്ടീഷന്‍ എന്നിങ്ങനെയുള്ള കുറഞ്ഞ വിലയുള്ള സ്റ്റാമ്പ് വേണ്ട ഇടപാടുകള്‍ മുമ്പത്തേക്കാള്‍ നവംബറില്‍ വര്‍ദ്ധിച്ചു. സ്റ്റാമ്പ് വില്‍പ്പനയില്‍ 90 ശതമാനം ടാര്‍ജറ്റ് തികയ്ക്കുന്ന എറണാകുളം ജില്ല കഴിഞ്ഞ മാസം 61 ശതമാനം മാത്രമാണ് വില്‍പ്പന നടത്തിയത്. ഇതുതന്നെ വസ്തുവില്‍പ്പനയില്‍ വന്ന ഭീമമായ കുറവ് വ്യക്തമാക്കുന്നു.
കോഴിക്കോട്ടെ വന്‍കിട ബില്‍ഡര്‍മാര്‍ ഒഴികെയുള്ളവര്‍ ഫ്ലാറ്റുകളുടെ വില 25 ശതമാനം വരെ കുറച്ചു. 40 ലക്ഷം രൂപയുടെ 2 ബി.എച്ച്.കെ അപ്പാര്‍ട്ട്മെന്റിന് പ്രമുഖ ബില്‍ഡര്‍ ഇപ്പോള്‍ ചോദിക്കുന്നത് 32 ലക്ഷം രൂപയാണ്. കലട്രേറ്റിനടുത്ത് ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ 3 ബി.എച്ച്.കെ ഫ്ളാറ്റിന് 5 ലക്ഷം രൂപയുടെ കുറവാണ് ഒരു മാസത്തിനിടയില്‍ ഉണ്ടായത്. പണം മുഴുവനും ചെക്കായിട്ടാണ് നല്‍കുന്നതെങ്കില്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ ഇപ്പോഴുള്ള കുറവിന് പുറമേ രണ്ടു ശതമാനം വരെ വീണ്ടും പണം കുറയ്ക്കും.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്പ് സെന്റിന് 50 ലക്ഷം രൂപയില്‍ ഒരു രൂപ പോലും കുറച്ച് കച്ചവടമില്ലെന്ന് പറഞ്ഞ സ്ഥലം ഉടമ, ഇപ്പോള്‍ 40 ലക്ഷം കിട്ടിയാലും കൊടുക്കുമെന്നാണ് പറയുന്നതെന്ന് കോഴിക്കോട്ടെ മുന്‍നിര ബ്രോക്കര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ആകെ ഒരു കച്ചവടമാണ് നടന്നത്. സാധാരണ അഞ്ച് മുതല്‍ പത്ത് വരെ കച്ചവടങ്ങള്‍ നടക്കുന്ന സ്ഥാനത്താണിതെന്നും ഈ ബ്രോക്കര്‍ പറയുന്നു.
കൊച്ചിയിലെ സ്ഥിതിയും മറിച്ചല്ല. എളമക്കരയില്‍ 10 ലക്ഷം പറഞ്ഞ സ്ഥലത്തിന് ഇപ്പോള്‍ ചോദിക്കുന്നത് 7.5 ലക്ഷം. ചേരാനെല്ലൂരില്‍ 35 ലക്ഷം രൂപ പറഞ്ഞ വസ്തുവിന് ഇപ്പോള്‍ 28 ലക്ഷം വരെ കിട്ടിയാല്‍ കൊടുക്കാമെന്ന അവസ്ഥയിലാണ് സ്ഥലം ഉടമ. ചോറ്റാനിക്കരയില്‍ ഒരു കോടി രൂപ പറഞ്ഞ വീടിനും പുരയിടത്തിനും ഇപ്പോള്‍ 85-80 വരെ കിട്ടിയാലും കൊടുക്കാന്‍ അവര്‍ തയ്യാറാണെന്നാണ് അവസ്ഥ
വസ്തുവില്‍പ്പനയില്‍ ഇപ്പോഴുള്ള കുറവ് കുറവായി കാണേണ്ടെന്നും, ചില ബ്രോക്കര്‍മാര്‍ സ്വാര്‍ത്ഥതാല്‍പര്യത്തിന് വേണ്ടി വര്‍ദ്ധിപ്പിച്ച വില മാത്രമാണ് ഇപ്പോള്‍ കുറഞ്ഞതെന്നുമാണ് ചിലരുടെ പക്ഷം. കൊച്ചിയില്‍ സാധാരണക്കാരന് നാലു സെന്റ് സ്ഥലം വാങ്ങുകയെന്നത് അപ്രാപ്യമായ അവസ്ഥയായിരുന്നു കഴിഞ്ഞ മാസം വരെ. ഇപ്പോള്‍ കുറച്ചു വില കുറഞ്ഞു. അടുത്ത മാസം അവസാനത്തോടെ ഇനിയും വില കുറഞ്ഞ്, സ്ഥലത്തിന്റെ ന്യായവിലയിലേക്ക് എത്തുമെന്നും ബ്രോക്കര്‍മാര്‍ വ്യക്തമാക്കുന്നു.
നിര്‍മ്മാണത്തിലിരുന്ന കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ പല ഫ്ളാറ്റുകളുടേയും നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് നിര്‍ത്തിവെയ്ക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. കൊച്ചിയിലെ ഫ്ലാറ്റുകളുടെ വിലയിലും 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. വില ഇനിയും കുറയുമെന്ന കണക്കുകൂട്ടലില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഫ്ലാറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവ് വന്നിട്ടുണ്ടെന്നാണ് ഇടനിലക്കാര്‍ പറയുന്നത്.