ദില്ലിയില്‍ മരിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും പെട്ടിയിലടച്ച് കൊടുത്തയച്ച കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സമാനമായൊരു വാര്‍ത്തയാണ് കര്‍ണാടകത്തിലെ കാര്‍ക്കളയില്‍ സംഭവിച്ചത്. മധ്യവയസ്‌കനാണ് മരിച്ച്ജീവിച്ചത്. ഗോപാല്‍ ദേവഡിഗയെന്ന 48കാരനെ പനിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്ഥലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത നെഞ്ച് വേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ട ഗോപാലിന് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ ഇല്ലായിരുന്നു. ഹൃദയമിടിപ്പ് നിലച്ചതായും വ്യക്തമായി. ഇതോടെ ഗോപാല്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
മരിച്ച ഗോപാലിലെ ബന്ധുക്കള്‍ വീട്ടിലെത്തിക്കുകയും സംസ്‌ക്കരിക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. അതിനിടെയാണ് വീട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മൃതദേഹം കണ്ണ് തുറന്ന് അലറി വിളിച്ചത്. ഗോപാല്‍ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. പക്ഷേ അപ്പോഴേക്കും ഗോപാല്‍ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ചെന്ന് ഉറപ്പിക്കാതെ ചികിത്സ നിര്‍ത്തിയ സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഗോപാലിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.