
കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സിറ്റി നാലുവയലില്‍ താഴത്ത് ഹൗസില്‍ ബഷീര്‍ (50) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണാണ് മരണം.
വിവിധ ഭാഗങ്ങളില്‍ മഴയില്‍ വ്യാപക നാശമുണ്ടായി. തലശ്ശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരം കടപുഴകി വീണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പബ്ലിക് സ്‌കൂളിലെ കഞ്ഞിപ്പുര തകര്‍ന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കൂറ്റന്‍ മതില്‍ നിലംപൊത്തി.
ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം. ചാലക്കുടി കൂടപ്പുഴ മേഖലയിലും ആളൂര്‍, ഇരിങ്ങാലക്കുട മേഖലയിലുമാണ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. തൃശൂരിലെ ആമ്പല്ലൂര്‍, കല്ലൂര്‍ മേഖലയില്‍ ഭൂമിയില്‍ നേരിയ പ്രകമ്പനമുണ്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പറഞ്ഞു.
പത്തനംതിട്ട നിരണം പനച്ചിമൂട്ടില്‍ 135 വര്‍ഷത്തോളം പഴക്കമുള്ള സി.എസ്.ഐ പള്ളിയും വയനാട്ടിലും അടൂരിലും വീടുകളും തകര്‍ന്നു വീണു. പെരിന്തല്‍മണ്ണയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണു.