ആലപ്പുഴ: ചെന്നൈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ക്രമക്കേടെന്ന ആരോപണം ഉയര്‍ന്ന റെഡ് ക്രോസ് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. വ്യാപകമായ പ്രശ്‌നങ്ങളെ തുടര്‍ന്നു പ്രതിസന്ധിയിലായ ജില്ലാ കമ്മിറ്റിയുടെ നടപടികളാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ജില്ലാ കമ്മറ്റിക്ക് ബദലായി മറ്റൊരു കമ്മറ്റിയും ചിലര്‍ രൂപീകരിച്ചിരുന്നു.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ റെഡ്‌ക്രോസ് കമ്മറ്റി കയ്യടക്കിയിരുന്നു. നഗരത്തിലെ ഒരു മുസ്ലീംപള്ളിയായിരുന്നു റെഡ്‌ക്രോസിന്റെ അനൗദ്യോഗിക കേന്ദ്രം. റെഡ്‌ക്രോസ് നേരിട്ടു നടത്തിയിരുന്ന കോഴ്‌സുകളിലും വന്‍ അഴിമതി നടന്നിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. അവസാനമായി ചെന്നൈ പ്രളയ ദുരിതാശ്വാസ നിധിശേഖരണത്തിലും ഭാരവാഹികള്‍ക്കെതിരെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഇടപെട്ട് കമ്മറ്റി പിരിച്ചുവിട്ടത്.
ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്ന് ജൂനിയര്‍ റെഡ്‌ക്രോസ് മുഖേനയും കോളേജുകളില്‍ നിന്ന് യൂത്ത് റെഡ്‌ക്രോസ് മുഖേനയും അഞ്ചുലക്ഷം രൂപയോളം സമാഹരിച്ചിരുന്നു. കൂടാതെ റെഡ്‌ക്രോസ് നേരിട്ട് പലവ്യഞ്ജനവും പണവും സമാഹരിച്ചു. എന്നാല്‍ ഇവ ചെന്നൈയില്‍ എത്തിയില്ലെന്നാണ് ആക്ഷേപം. ഒരുലക്ഷത്തി അയ്യായിരം രൂപ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് ആലപ്പുഴ ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിക്കു നല്‍കിയത്. സുനാമി ദുരിതാശ്വാസത്തിലും ക്രമക്കേടു കാട്ടിയതിന് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ജില്ലാകമ്മറ്റിക്കെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയരുന്നത്.
സംഘടിത മത ന്യൂനപക്ഷത്തില്‍പ്പെട്ട ചിലര്‍ കയ്യടക്കിയിരിക്കുന്ന റെഡ്‌ക്രോസിലേക്ക് മറ്റു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അംഗത്വം നല്‍കാനും മടിക്കുകയാണ്. നിരന്തരം പരാതികളുയരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ കൂടി ഭാരവാഹിയായ റെഡ്‌ക്രോസ് ജില്ലാ കമ്മറ്റി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.
സൊസൈറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ, താലൂക്ക് ഭാരവാഹികളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സൊസൈറ്റിയുടെ ഉദ്ദേശശുദ്ധിയെ പ്രതികൂലമായി ബാധിക്കുന്നതാണ് കമ്മറ്റിയുടെ പ്രവര്‍ത്തനമെന്നും ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് റെഡ്‌ക്രോസിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായതെന്ന് ജില്ലാകളക്ടര്‍ ഉത്തരവില്‍ പറയുന്നു.