സ്വന്തം ലേഖകൻ
മുംബൈ: അഞ്ഞൂറ് ആയിരം നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനം വന്നതോടെ മുംബെയിലെ ചുവന്ന തെരുവിൽ ഇടപാടുകാർ ഇല്ലാതെയായി. ഇടപാടുകൾ വരാതായതോടെ കാമാത്തിപുര അടക്കമുള്ള ചുവന്ന തെരുവിലെ സ്ട്രീറ്റുകളിൽ ജീവിക്കുന്ന ലൈംഗിക തൊഴിലാളികൾ പട്ടിണിയിലായി. ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും ഇല്ലാത്ത അവർക്ക് ചില്ലറ കിട്ടാൻ ഒരുവഴിയുമില്ല.
പൊലീസുകാരെ ഭയന്നും ഏറെ കഷ്ടപ്പെട്ടുമാണ് ഈ തൊഴിൽ ചെയ്ത് ജീവിക്കുന്നത്. നോട്ട് നിരോധനത്തോടെ ജീവിതം കൂടുതൽ ദുരിതത്തിലായി. കൈയിലെ പേഴ്‌സ് തുറന്നു കാണിച്ച് ഇനിയെങ്ങനെയാണ് ജീവിക്കേണ്ടത് എന്നാണ് ദീപിക ചോദിക്കുന്നത്. രണ്ടുകുട്ടികളെയും മാതാപിതാക്കളെയും പോറ്റണം. ഭർത്താവ് ഉപേക്ഷിച്ച് പോയതിൽപിന്നെയാണ് ഇവർ കാമാത്തിപുരയിൽ എത്തിയത്. വന്നിട്ട് ഒൻപത് വർഷമായി. നോട്ട് നിരോധനം വയറ്റത്തടി പോലെ ആയെന്ന് ദീപിക പറയുന്നു.
അഞ്ഞുറ്, ആയിരം നോട്ടുകൾ നിരോധിച്ചതോടെ ഈ നോട്ടുകൾ ചെലവാക്കാനായി ധാരാളം ആളുകൾ കാമാത്തിപുരയിലേക്ക് സ്ത്രീകളെതേടി എത്തുന്നു എന്ന വാർത്തയുണ്ടായിരുന്നു. എന്നാൽ നോട്ട് നിരോധനത്തോടെ ആളുകൾ എത്തുന്നത് കുറഞ്ഞെന്ന് ഇവർ പറയുന്നു. ഭക്ഷണത്തിനുപോലും പണമില്ലെന്നാണ് പ്രമീള പറയുന്നത്.
പതിനായിരത്തോളം സ്ത്രീകളാണ് ഉപജീവനത്തിനായി കാമാത്തിപുരയിൽ ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്നത്. ഇവരിൽ നൂറ് കണക്കിനുപേർ എയ്ഡ്‌സ് ബാധിതരാണ്.