കലാഭവന്‍ മണിയുടെ മരണശേഷം മകള്‍ ശ്രീലക്ഷ്മി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പാടിയ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. തിരുവനന്തപുരത്ത് പ്രേം നസീര്‍ പുരസ്‌കാര വേദിയിലായിരുന്നു ശ്രീലക്ഷ്മി മണി പാടിയ ‘മിന്നാമിനുങ്ങേ’ എന്ന ഗാനം ആലപിച്ചത്.
ഒരാഴ്ചകൊണ്ടു രണ്ടുലക്ഷത്തിലേറെപ്പേരാണ് ശ്രീലക്ഷ്മിയുടെ ഗാനം യൂട്യൂബില്‍ കണ്ടത്. സംഘാടകര്‍ വീട്ടിലെത്തി സമ്മാനിച്ച പ്രേംനസീര്‍ എവര്‍ ഗ്രീന്‍ ഹീറോ പുരസ്‌കാരം അച്ഛനുവേണ്ടി ഏറ്റുവാങ്ങിയ ശേഷമാണ് മണിയുടെ പ്രിയഗാനം ശ്രീലക്ഷ്മി പാടിയത്. തലസ്ഥാനത്തെ പ്രേംനസീര്‍ സുഹൃത് സമിതിയാണ് പുരസ്‌കാരം സമ്മാനിച്ചത്. മണി ഓര്‍മയായ ശേഷം ആദ്യമായി ശ്രീലക്ഷ്മി പാടിയ ഈ ഗാനത്തിനൊപ്പം സദസും വിതുമ്പി.
പത്താം ക്ലാസ് പരീക്ഷയ്ക്ക് ശ്രീലക്ഷ്മി തയ്യാറെടുക്കുന്നതിനിടെയാണ് നിനച്ചിരിക്കാതെ മണി യാത്രയായത്. വേര്‍പാട് നല്‍കിയ വേദനയിലും പരീക്ഷകളെല്ലാം എഴുതി ഫലം കാത്തിരിക്കുകയാണ് ശ്രീലക്ഷ്മിയിപ്പോള്‍.