രമേശ് മുഖ്യമന്ത്രിയാകാൻ ശ്രമിച്ചു: മാണി കൂട്ടു നിന്നില്ല: ബാർ കോഴക്കേസിൽ മാണിയെ കുടുക്കിയത് രമേശ്

സ്വന്തം ലേഖകൻ

കോട്ടയം: ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാനുള്ള രമേശ്
ചെന്നിത്തലയുടെ നീക്കത്തിന് കൂട്ടു നിൽക്കാത്തതിന്റെ പ്രതികാരമായിട്ടാണ്
കെ.എം മാണിയെ ബാർകോഴക്കേസിൽ കുടുക്കിയതെന്ന് കേരള കോൺഗ്രസ് എമ്മിന്റെ
അന്വേഷണ റിപ്പോർട്ട്. കേരള കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി
യോഗം ഇന്ന് ചേരാനിരിക്കെയാണ് അന്വേഷണ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ
പുറത്തായത്. ഗൂഢാലോചന ഉമ്മൻചാണ്ടി അറിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ
കുറ്റപ്പെടുത്തലുണ്ട്. കേരള കോൺഗ്രസ് എം ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.
തോമസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന്
സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സമർപ്പിക്കാനിരിക്കെയാണ് ചോർന്നത്.
ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല കരുക്കൾ
നീക്കിയിരുന്നു. എന്നാൽ, രമേശിന്റെ ഈ നീക്കത്തോട് സഹകരിക്കാൻ കേരള
കോൺഗ്രസോ, കെ.എം മാണിയോ തയ്യാറായില്ല. ഇതേ തുടർന്നാണ് കേരള കോൺഗ്രസ്
എമ്മിനെയും കെ.എം മാണിയെയും കുടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസിലെ ഐ
ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ
കണ്ടെത്തൽ. ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് ചെന്നിത്തലയെ മുഖ്യമന്ത്രിയാകാൻ
സഹായിക്കണമെന്ന ആവശ്യവുമായി ഐ.എൻ.ടി.യു.സി നേതാവ് ആർ.ചന്ദ്രശേഖരൻ
ഇടനിലക്കാരനായി മാണിയെ സന്ദർശിച്ചുവെങ്കിലും മാണി അനുകൂല നിലപാട്
സ്വീകരിച്ചില്ല. ഇതാണ് രമേശിന് മാണിയോട് വിരോധം തോന്നാൻ കാരണം. രമേശിനു
പുറമേ അടൂർപ്രകാശ്, ജോസഫ് വാഴയ്ക്കൻ, പി.സി.ജോർജ് ആർ.ബാലകൃഷ്ണപിള്ള
എന്നിവരും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു. പി.സി.ജോർജ് കോൺഗ്രസ്
കയറൂരിവിട്ട വൈറസായി, അഡ്വക്കേറ്റ് ജനറൽ എ.ജി ദണ്ഡപാണി ശകുനിയായി.
വിജിലൻസ് എസ്.പിയായിരുന്ന ജേക്കബ് തോമസും സുരേഷനും പങ്കാളിയായി. ഒപ്പം
നിന്ന ശേഷം മാണിയെ ബാർ കോഴയിൽ കുടുക്കാൻ വഞ്ചന കാട്ടിയ യു.ഡിഎഫിൽ
തുടരുന്നത് പാർട്ടിക്കും പാർട്ടി പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിനും
ഗുണകരമാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top