കച്ചവടത്തിന് വേണ്ടി സിനിമയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് രഞ്ജന്‍ പ്രമോദ്

പത്തനംതിട്ട: സാങ്കേതികമായി വളര്‍ന്നപ്പോള്‍ കഥാമൂല്യമുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് നഷ്ടമായത് എന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമോദ് പറഞ്ഞു. പത്തനംതിട്ടക്കൂട്ടം സംഘടിപ്പിച്ച സംവിധായകനുമായുള്ള സംവാദത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

തദ്ദേശീയമായ കല, സിനിമ, എഴുത്ത് എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സാര്‍വജനീനമായ രൂപവും ‘ഭാവവുമുള്ള കെട്ടുകാഴ്ചകള്‍ ആര്‍ക്ക്, എപ്പോള്‍, എവിടെ വേണമെങ്കിലും അവതരിപ്പിക്കാം. പക്ഷേ, തനിമയുള്ള കലാരൂപങ്ങളും എഴുത്തും മണ്ണിന്റെ തനിമയും മണവും അറിയുന്നവര്‍ക്കും മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കാലം പോകവെ സിനിമ ഉണ്ടാവാം. നമ്മുടെ മണ്ണിന്റെ തനിമയുള്ള സിനിമകള്‍ ഉണ്ടാവുമോ എന്നു സംശയമാണ്. മറാത്തിയില്‍ അത്തരം സിനിമകളുടെ നിലനില്‍പ്പിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്.
സ്വന്തം കലയും സാംസ്‌കാരവും മോശമാണെന്ന മനോഭാവം ഇവിടെ പലര്‍ക്കുമുണ്ട്. അതിന്റെ ആവശ്യമില്ല. സ്വന്തം സ്വത്വത്തില്‍ അഭിമാനമുണ്ടാവേണ്ടതുണ്ട്. ഓസ്‌കാര്‍ പോലുള്ള അവാര്‍ഡുകള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം പ്രോല്‍സാഹിപ്പിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഹന്‍ലാലിനെപ്പോലൊരു നടന്റെ ഡേറ്റ് കിട്ടിയിട്ടും എന്തിനാണ് ഫൊട്ടോഗ്രാഫര്‍ പോലൊരു സിനിമ ചെയ്തത് എന്ന ചോദ്യം തന്നെ ക്രിമിനല്‍ കുറ്റമാണ്. ആദിവാസികള്‍ക്കെതിരെ അതിക്രമം നടത്തിയപ്പോള്‍ അതിനെതിരെ ഒരു നോവലോ കഥയോ ഇല്ലാതിരിക്കെ, ഒരു സിനിമ ചെയ്തതിന്റെ പേരില്‍ തന്നെ നിങ്ങള്‍ക്ക് വേണമെങ്കില്‍ അഭിനന്ദിക്കാം. ആയിരത്തഞ്ഞൂറോളം ആദിവാസികളെ പങ്കെടുപ്പിച്ച് ഒരു സിനിമ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അങ്ങനെയൊന്നിന്റെ ‘ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

പുതിയ ചിത്രമായ ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്തുകൊണ്ട് ശുഭപര്യവസായിയായില്ല എന്ന് കച്ചവട സിനിമ കണ്ട് ശീലിച്ചവര്‍ ചോദിക്കും. കച്ചവടത്തിനു പിന്നാലെ സംവിധായകരും തിരക്കഥാകൃത്തുക്കളും പോയാല്‍ നല്ല പോലെ പണം ഉണ്ടാവും. പക്ഷേ, നല്ല സിനിമ ഉണ്ടാവില്ല. കച്ചവടത്തിനു വേണ്ടി സിനിമയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top