ശ്രീനഗര്‍: ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് സിയില്‍ കേരളം ഇന്ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ജമ്മുകാശ്മീരുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ എ ടീം താരം സഞ്ജു വി. സാംസണാണ് കേരളത്തിന്റെ നായകന്‍. അഹമ്മദ് ഫര്‍സീന്‍, ഫാബിദ് ഫാറൂഖ് അഹമ്മദ് എന്നീ രണ്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് കേരളം ഈ സീസണില്‍ രഞ്ജിക്കിറങ്ങുന്നത്. പി. ബാലചന്ദ്രനാണ് കേരളത്തിന്റെ പരിശീലകന്‍. ആകെ 27 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ഈ ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. കേരള ടീം: സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍),വി.എ. ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, റൈഫി വിന്‍സെന്റ് ഗോമസ്, മോനിഷ്. എസ്.കെ, സന്ദീപ് വാര്യര്‍, നിദീഷ്. എം.ഡി, നിയാസ്. എന്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, നിഖിലേഷ് സുരേന്ദ്രന്‍, അക്ഷയ് ചന്ദ്രന്‍. കര്‍ണാടകയാണ് നിലവിലെ ചാമ്പ്യന്മാര്‍. ഗ്രൂപ്പ് എയില്‍ ആസാമാണ് കര്‍ണാടകയുടെ ആദ്യ എതിരാളി. ദല്‍ഹി രാജസ്ഥാനുമായും ഗ്രൂപ്പ് ബിയില്‍ നിലവിലെ റണ്ണേഴ്‌സപ്പായ തമിഴ്‌നാട് ബറോഡയുമായും കളിക്കും. മുംബൈക്ക് പഞ്ചാബാണ് എതിരാളികള്‍.