മുംബൈ: ഹിന്ദിയിലെ പ്രശസ്ത ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ ജോഹറില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ നടന്‍ രണ്‍വീര്‍ സിങിന്റെ പരാമര്‍ശവും വിവാദമാവുന്നു. 2011 ല്‍ നടത്തിയ അഭിമുഖത്തിലാണ് കരീനാ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരെ പറ്റി രണ്‍വീര്‍ മോശം പരാമര്‍ശം നടത്തിയത്. നടി അനുഷ്‌കയോടൊപ്പമാണ് രണ്‍വീര്‍ അഭിമുഖത്തിന് എത്തിയത്.ഹാര്‍ദിക്ക് പാണ്ഡ്യയുടെ വിവാദത്തെ തുടര്‍ന്ന് ഈ വിഷയം ചര്‍ച്ചയാവുകയുമായിരുന്നു.
‘കരീന നീന്തുന്നത് കണ്ട് കുട്ടിയായ ഞാന്‍ ഒരു ആണ്‍കുട്ടിയായി’ എന്ന പരാമര്‍ശമാണ് കരീനയ്‌ക്കെതിരെ നടത്തിയത്. അനുഷ്‌ക്കയ്‌ക്കെതിരെയും ഇത്തരത്തില്‍ മോശം പരാമര്‍ശം രണ്‍വീര്‍ നടത്തുന്നുണ്ട്.രണ്‍വീര്‍ സിംഗിന്റെ പരാമര്‍ശത്തില്‍ ദേഷ്യം വന്ന അനുഷ്‌ക നടനെ അടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
‘എന്നോട് നിങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കരുതെന്ന്’ പറഞ്ഞാണ് അനുഷ്‌ക രണ്‍വീറിനെ അടിക്കുന്നത്. തമാശ രൂപേണ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്ന രണ്‍വീറിന്റെ വീഡിയോ പുറത്ത് വന്നതോടെ നടനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ‘ഇവരാണോ നിങ്ങളുടെ നായകന്‍മാര്‍’ എന്ന് പരിഹസിച്ചു കൊണ്ട് നിരവധി കമന്റുകള്‍ വരുന്നുണ്ട്.
ഇത്തരത്തിലുള്ള കമന്റുകള്‍ കേട്ട് ചിരിക്കുന്ന കരണ്‍ ജോഹറിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ക്രിക്കറ്റ് താരം ഹാര്‍ദിക്ക് പാണ്ഡ്യ വളരെ രൂക്ഷമായിട്ടുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഷോയില്‍ നടത്തിയത്.പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലുള്ള വിമര്‍ശനമാണ് പാണ്ഡ്യ നേരിട്ടത്. തുടര്‍ന്ന് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പ് ചോദിച്ചിരുന്നു.