കോട്ടയം: ഈ മലയാളി മിടുക്കന്‍ വീണ്ടും എല്ലാവരെയും ഞെട്ടിയ്ക്കുന്നു. ട്വിറ്റര്‍, യാഹു, മൈക്രോസോഫ്ട് തുടങ്ങിയവയുടെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ര ശ്രദ്ധനേടിയ വിദ്യാര്‍ത്ഥി ഹേമന്ത് ജോസഫ് ആപ്പിളിനും രക്ഷകനായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിറയുന്നു.
എല്ലാം സുരക്ഷിതമെന്ന് വാചകമടിച്ച ആപ്പിളിനെയും ഞെട്ടിച്ച് കൊണ്ടാണ് സുരക്ഷാ വീഴ്ച്ച് ഈ മലയാളി വിദ്യാര്‍ത്ഥി ചൂണ്ടികാട്ടിയത്. സൈബര്‍ സുരക്ഷയിലെ പ്രധാന പേരുകാരനായി ഇതോടെ ഈ മലയാളി മാറുന്നു. നേരത്തെ ഗൂഗിള്‍ ക്ലൗഡിന്റെ സുരക്ഷാപ്പിഴവും ഹേമന്ത് കണ്ടെത്തിയിരുന്നു. ഇതിന് ഗൂഗിള്‍ അഞ്ചുലക്ഷം രൂപ നല്‍കി ആദരിച്ചിരുന്നു. പാലാ രാമപുരം സ്വദേശിയായ ഹേമന്ത് ഇപ്പോള്‍ കേരള പൊലീസിന്റെ സൈബര്‍ ഡോം വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.
ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഐ.ഒ.എസ്. 10.1 പതിപ്പില്‍ സുരക്ഷാവീഴ്ചയുള്ളതായാണ് മലയാളിയായ ഹേമന്ത് ജോസഫ് കണ്ടെത്തിയത്. ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങളുള്ള ആപ്പിള്‍ ഐഫോണുകളും ഐപാഡുകളും ഉടമയ്ക്കല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, ഇതെല്ലാം മറികടന്ന് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ഹേമന്ത് കണ്ടെത്തി. ഇത് ആപ്പിളിനേയും ഞെട്ടിച്ചു. വൈഫൈ സംവിധാനത്തിലൂടെ ഫോണിലെ സോഫ്റ്റ് വെയര്‍ തകര്‍ക്കാനാകുമെന്നാണ് ഹേമന്ത് തെളിയിച്ചിരിക്കുന്നത്.
ഐഫോണില്‍ വൈഫൈ തിരഞ്ഞെടുക്കുമ്പോള്‍ ‘അദര്‍ നെറ്റ്വര്‍ക്ക്’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഡബല്‍ു. യു.പി.എ.2 എന്ന് നല്‍കുക. ഇതില്‍ പേര്, യൂസര്‍ ഐ.ഡി., പാസ്വേഡ് എന്നിവ നല്‍കണം. എന്നാല്‍, എത്ര അക്ഷരം പരമാവധി ടൈപ്പ് ചെയ്യാമെന്ന് നിജപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ കൂടുതല്‍ അക്ഷരങ്ങള്‍ നല്‍കിയാല്‍ സോഫ്റ്റ് വെയര്‍ തകരുമെന്നാണ് ഹേമന്ത് കണ്ടെത്തിയിരിക്കുന്നത്. ആപ്പിളിന്റെ മാഗ്നറ്റിക് സ്മാര്‍ട്ട് കവര്‍ സ്‌ക്രീനിന് മുകളിലടച്ച് ഐപാഡ് ലോക്ക് ചെയ്തശേഷം, കവര്‍ തുറക്കുമ്പോള്‍ സ്‌ക്രീന്‍ ഏതാനും സെക്കന്‍ഡുകള്‍ അങ്ങനെ നിന്നശേഷം ഐ.ഒ.എസ്. ഹോംസ്‌ക്രീനിലേക്ക് മാറുന്നു. ഐപാഡിന്റെ ശക്തമായതെന്നുകരുതിയ ആക്ടിവേഷന്‍ ലോക്ക് മറികടന്ന് ഉപകരണത്തിലേക്ക് പൂര്‍ണമായി പ്രവേശനം നേടാന്‍ ഹേമന്തിനെ ഇത് സഹായിച്ചു. തകരാര്‍ ഐഫോണ്‍ ഒ.എസിന്റെ കഴിഞ്ഞ മാസത്തെ അപ്ഡേറ്റില്‍ ആപ്പിള്‍ പരിഹരിച്ചു.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ത്ഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ത് ജോസഫാണ് സൈബര്‍ മേഖലയിലെ ചതിക്കുഴികള്‍ ഗൂഗിളിനേയും ആപ്പിളിനേയും മനസ്സിലാക്കി നല്‍കി ശ്രദ്ധേയനായത്. അഞ്ച് ലക്ഷം രൂപയായിരുന്നു ഗൂഗിള്‍ നേരത്തെ സമ്മാനം നല്‍കിയത്. ഗൂഗ്ള്‍ ക്ളൗഡിലെ സുരക്ഷാപിഴവുകള്‍ കണ്ടത്തെി കമ്പനിയെ അറിയിച്ചതിനാണ് സമ്മാനം. ഏതൊരു ഗൂഗ്ള്‍ ക്ളൗഡ് ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറാന്‍ ഇടയാക്കുന്ന പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഗൂഗ്ള്‍ വള്‍നറബ്ളിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 7,500 ഡോളര്‍ ഹേമന്തിനെ തേടിയത്തെിയത്. ഏതാനും ആഴ്ചക്കുള്ളില്‍ പിഴവ് പൂര്‍ണമായി ഗൂഗിള്‍ പരിഹരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത കേരള പൊലീസ് സൈബര്‍ ഡോമിലെ കമാന്‍ഡറാണ് ഹേമന്ത് ജോസഫ്. പല പ്രമുഖ അന്തര്‍ദേശീയ കമ്പനികളും തങ്ങളുടെ സോഫ്ട് വെയറുകളിലെ സുരക്ഷാ ഭീഷണി അറിയാന്‍ ഹേമന്തിന് അയച്ചുകൊടുക്കാറുണ്ട്. യു.എസിലെ ടെലികോം ഭീമനായ എ.ടി ആന്‍ഡ് ടിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോള്‍ മുമ്പ് ഹേമന്തിന് പ്രതിഫലമായി 5000 ഡോളര്‍ ലഭിച്ചിരുന്നു.
പ്രമുഖ സ്മാര്‍ട് വാച്ച് നിര്‍മ്മാതാക്കളായ പെബ്ളും ഹേമന്തിനോട് കടപ്പെട്ടിരിക്കുന്നു. വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫേസ്ബുക് അക്കൗണ്ട് ലഭിച്ചാല്‍ ലോകത്തെവിടെയിരുന്നും വാച്ച് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയുമെന്നായിരുന്നു ഹേമന്തിന്റെ വാദം. ഇപ്പോഴും പെബ്ളിന്റെ പുത്തന്‍ സോഫ്ട്വെയറുകളും ഗാഡ്ജെറ്റുകളും സുരക്ഷാപരിശോധനക്കായി ഹേമന്തിന് അയച്ചുകൊടുക്കാറുണ്ട്. വിവിധ ടെക് ഭീമന്മാരില്‍നിന്ന് ഇതിനോടകം പത്തുലക്ഷം രൂപയിലധികം സമ്മാനത്തുകയായി ലഭിച്ചിട്ടുണ്ട്.