ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ അരശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ഇതോടെ പുതിയ റിപ്പോ നിരക്ക് 6.75 ശതമാനമായി കുറഞ്ഞു. റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റമില്ല. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് റിപ്പോ നിരക്ക് അര ശതമാനം കുറക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, വിപണി മേഖലകളില്‍ വലിയ ഉത്തേജനം പകരുന്നതാണ് റിസര്‍വ് ബാങ്കിന്റെ ഇന്നത്തെ തീരുമാനം.
രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്‍പയുടെ പലിശയാണു റീപോ. കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്കില്‍നിന്നു പണം ലഭിക്കുന്നതോടെ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്കു നല്‍കുന്ന വായ്പയുടെ പലിശയും കുറയും. നേരത്തേ രണ്ടു തവണ റീപോ നിരക്കില്‍ കുറവു വരുത്തിയിട്ടും എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ചില ബാങ്കുകള്‍ മാത്രമാണ് ഇതിന്‍റെ ആനുകൂല്യം നല്ല രീതിയില്‍ ജനങ്ങള്‍ക്കു നല്‍കിയത്. റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനത്തോടെ പലിശ കുറയ്‍ക്കാതിരിക്കാന്‍ വയ്യെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണു ബാങ്കുകള്‍.
രാജ്യത്ത് നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമായി നില്‍ക്കുന്നതും ഭക്ഷ്യവിലപ്പെരുപ്പം, ഉപഭോക്തൃ വിലസൂചിക എന്നിവ അനുകൂലമായി നില്‍ക്കുന്നതുമാണ് അടിസ്ഥാന നിരക്കില്‍ 50 ബേസിസ് പോയിന്‍റിന്‍റെ കുറവു വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. റീപോ നിരക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍. റിവേഴ്‍സ് റീപോ 5.75 ശതമാനമാക്കി.
ഈ വര്‍ഷം ജൂണ്‍ രണ്ടിനാണ് റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ വായ്പാ പലിശ കുറച്ചത്. റീപോ 7.25 ശതമാനമായും റിവേഴ്‍സ് റീപോ 6.25 ശതമാനമായുമാണ് അന്നു കുറച്ചത്. അതിനുശേഷമുള്ള രണ്ടു വായ്‍പാനയ അവലോകന യോഗങ്ങളിലും നിരക്കു കുറയ്‍ക്കാന്‍ ആര്‍ബിഐ തയാറായിരുന്നില്ല.
റിസര്‍വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ വിപണിയില്‍ മികച്ച പ്രതികരണമുണ്ടാക്കുന്നുണ്ട്. മുംബൈ സൂചിക രാവിലെ വന്‍ ഇടിവിലാണു വ്യാപാരം തുടങ്ങിയത്. 300 പോയിന്റായിരുന്നു ഇടിവ്. ഇതില്‍നിന്നു കരയേറുന്നതിന്റെ സൂചനകള്‍ വരുന്നു. 144 പോയിന്റിന്റെ ഇടിവിലാണു സെന്‍സെക്സ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 14.7 പോയിന്റ് ഇടിവില്‍ വ്യാപാരം പുരോഗമിക്കുന്നു. അതേസമയം, റിസര്‍വ് ബാങ്കിന്റെ നടപടി ഓഹരി വിപണിയില്‍ ചലനമുണ്ടാക്കി. സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടമുണ്ടായപ്പോള നിഫ്റ്റി 7800ന് മുകളില്‍ ക്ലോസ് ചെയ്തു.