മുംബൈ: അമേരിക്കയില്‍ കേന്ദ്ര ബാങ്ക് ഉടന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തില്‌ളെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന് പലിശനിരക്കുകള്‍ കുറച്ച് വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയില്‍ ഓഹരിവിപണിയില്‍ കുതിപ്പ്. മുംബൈ സൂചിക സെന്‍സെക്‌സ് 254.94 പോയന്റ് ഉയര്‍ന്ന് 26,218.91ലും എന്‍.എസ്.ഇ നിഫ്ടി 82.75 പോയന്റ് ഉയര്‍ന്ന് 7981.90ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്റ്റ് 31ന് ശേഷമുള്ള ഉയര്‍ന്ന ക്‌ളോസിങ്ങാണ് സെന്‍സെക്‌സിന്‍േറത്. വ്യാപാരത്തിനിടെ 8000 കടന്ന നിഫ്ടി ലാഭമെടുപ്പിനെ തുടര്‍ന്ന് വീണ്ടും താഴുകയായിരുന്നു. രൂപ നില മെച്ചപ്പെടുത്തിയതും വിപണിക്ക് തുണയായി. സെന്‍സെക്‌സിലെ 30ല്‍ 17 ഓഹരികളും നേട്ടത്തിലായിരുന്നു. ആക്‌സിസ് ബാങ്ക്, ഒ.എന്‍.ജി.സി, എം ആന്‍ഡ് എം, ലൂപിന്‍, ആര്‍.ഐ.എല്‍, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയവയായിരുന്നു ലാഭത്തില്‍ മുന്നില്‍. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഗെയില്‍, ഹിന്‍ഡാല്‍കോ, സിപ്‌ള, എച്ച്.യു.എല്‍ തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. ഒരാഴ്ചകൊണ്ട് സെന്‍സെക്‌സ് 608.70 പോയന്റും നിഫ്ടി 192.60 പോയന്റും നില മെച്ചപ്പെടുത്തി.