ന്യൂഡല്‍ഹി : രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സൂചന.
രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേതു മൂന്നരലക്ഷവും ആക്കാനാണു നിര്‍ദ്ദേശം. ഇപ്പോള്‍ ഇത് യഥാക്രമം ഒന്നരലക്ഷവും ഒന്നേകാല്‍ ലക്ഷവുമാണ്. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപര്‍ശയനുസരിച്ചു കാബിനറ്റ് സെക്രട്ടറിക്കു രണ്ടരലക്ഷവും കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിക്കു രണ്ടേകാല്‍ ലക്ഷവും പ്രതിമാസം ശമ്പളമുണ്ട്. ഈ സാഹചര്യത്തിലാണു രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത്
എന്നാല്‍ എംപി.മാരുടെ ശമ്പളം ഉടനെ വര്‍ധിപ്പിക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ശമ്പളം ഇരട്ടിയാക്കാന്‍ ബിജെപി. അംഗം യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അത് ഉടനെ നടപ്പാക്കില്ല. എംപി.മാരുടെ ശമ്പളം കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും അത് ഉടനെ പരിഗണിക്കാനിടയില്ല. ഒരു എംപി.ക്ക് മാസശമ്പളവും മണ്ഡല അലവന്‍സുമുള്‍പ്പെടെ 1.10 ലക്ഷം രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
പാര്‍ലമെന്റും കമ്മിറ്റികളും ചേരുന്ന ദിവസങ്ങളില്‍ സിറ്റിങ് അലവന്‍സ് 2000 രൂപ വേറെ ലഭിക്കും. എംപി.യുടെ സെക്രട്ടറിക്ക് പ്രത്യേക അലവന്‍സുണ്ട്. എംപി.മാരുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരു ലക്ഷവും യാത്രാ അലവന്‍സ് 45,000 ത്തില്‍നിന്ന് 90,000 രൂപയും ആക്കണമെന്നാണ് യോഗി ആദിത്യനാഥ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇതാണ് മോദി തല്‍കാലം പരിഗണിക്കാത്തത്.
എംപി.മാരുടെ ചരുങ്ങിയ പെന്‍ഷന്‍ 35,000 രൂപ, അഞ്ചുകൊല്ലത്തില്‍ കൂടുതല്‍ എംപി.യായി സേവനമനുഷ്ഠിച്ചവര്‍ക്ക് ഓരോ അധികവര്‍ഷത്തിനും 2000 രൂപ പെന്‍ഷന്‍ എന്നീ ശുപാര്‍ശകളും കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു. നിലവില്‍ ഇത് യഥാക്രമം 20,000 രൂപയും 1500 രൂപയുമാണ്.