ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനു ശേഷം ക്യാഷ്‌ലെസ് വ്യവസ്ഥയിലേക്ക് മാറാന്‍ സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനും നല്‍കുന്നതിനിടെ ബാങ്കുകള്‍ ജനങ്ങളെ സര്‍വീസ് ചാര്‍ജ്ജിന്റെ പേരില്‍ കൊള്ളയടിച്ചു തുടങ്ങി.
ഒരു ദിവസം എടിഎമ്മിലൂടെ പിന്‍വലിക്കാവുന്ന പരമാവധി തുക 4000 രൂപയായി വര്‍ധിപ്പിച്ചെങ്കിലും, എടിഎം ഉപയോഗത്തിനും കാര്‍ഡുപയോഗിക്കുമ്പോഴുള്ള സര്‍വീസ് ചാര്‍ജിനും ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ സേവനം ബാങ്കുകള്‍ പിന്‍വലിച്ചു. ഒരു മാസം അഞ്ചുതവണയില്‍ക്കൂടുതല്‍ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഉപഭോക്താവിന് നഷ്ടപ്പെടും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി
നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിന് മുമ്പ് എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐ.സിഐസി.ഐ തുടങ്ങിയ ബാങ്കുകള്‍ അഞ്ചില്‍ക്കൂടുതല്‍ വരുന്ന എടിഎം ഇടപാടുകള്‍ക്ക് 15 രൂപ വീതമാണ് ഈടാക്കിയിരുന്നത്. മറ്റു ബാങ്കുകള്‍ 20 രൂപ വീതവും. ഇത്തരം എടിഎം ഫീ ഏര്‍പ്പെടുത്താനുള്ള അധികാരം ബാങ്കുകളില്‍ നിഷിപ്തമായതിനാലാണ് റിസര്‍വ് ബാങ്കിനോ കേന്ദ്ര സര്‍ക്കാറിനോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലാത്തത്.
എന്നാല്‍, നോട്ട് പിന്‍വലിക്കലിന്റെ ആഘാതത്തില്‍നിന്ന് രാജ്യം പൂര്‍ണമായി മുക്തമാവുന്നതുവരെ എടിഎം ഫീയും കാര്‍ഡുകള്‍ക്ക് സര്‍വീസ് ചാര്‍ജും ഈടാക്കരുതെന്ന ആവശ്യം ശക്തമാണ്. ശക്തമായ കറന്‍സി ക്ഷാമം നിലനില്‍ക്കുന്നു. രാജ്യത്തെ എടിഎമ്മുകളില്‍ 20 ശതമാനം മാത്രമേ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഈ സാഹചര്യങ്ങളില്‍ എടിഎം ഉപയോഗവും കാര്‍ഡുവഴിയുള്ള ഇടപാടുകളും കൂടുന്നത് സ്വാഭാവികം. ഡിജിറ്റല്‍ പണമിടപാടുകളിലൂടെ രാജ്യത്തെ കറന്‍സി രഹിതമാക്കാന്‍ കേന്ദ്രം പദ്ധതിയിടുമ്പോള്‍ ബാങ്കുകള്‍ അതിനെതിരെ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന ആരോപണവും ശക്തമാണ്.
ഡെബിറ്റ് കാര്‍ഡുവഴിയുള്ള ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നെങ്കിലും പല വ്യാപാരികളും ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നില്ല. മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ആയിരം രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.5 ശതമാനവും 2000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനവുമാക്കി റിസര്‍വ് ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ ഡിസ്‌കൗണ്ട് വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നതാണ് സര്‍വീസ് ചാര്‍ജ് ഒഴിവാക്കാതിരിക്കുന്നതിനുള്ള കാരണം.