കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൃപേഷിനെയും ശരത് ലാലിനെയും ആക്രമിച്ചത് കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ. സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികളെന്നും കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമം ഇരട്ട കൊലപാതക കേസില്‍ മറ്റു പ്രതികളുടെ അറസ്റ്റ് ഉടനെന്ന് ഐജി ബലറാം കുമാര്‍ ഉപാധ്യായ അറിയിച്ചു.
ഇതിനിടെ കേസില്‍ അറസ്റ്റിലായ സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്. വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കസ്റ്റഡി ആവശ്യം എതിര്‍ത്തില്ല. പ്രതിയുടെ മുടിയുടെയും രക്തത്തിന്റെയും സാമ്പില്‍ എടുക്കുന്നതിനും മറ്റു തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് 7 ദിവസ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
നിരവധി പരിക്കുകള്‍ കൊല്ലപ്പെട്ടവരില്‍ കാണുന്നുണ്ട്. അതു കൊണ്ട് വിശദമായ അന്വേഷണം വേണം. മറ്റുള്ളവരുടെ പങ്ക് പരിശോധിക്കാന്‍ കസ്റ്റഡി ആവശ്യമാണ്. പ്രതിക്ക് യാതൊരു മാനസിക ശാരിരികമോ ആയ ബുദ്ധിമുട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോ 48 മണിക്കൂറിലും പ്രതിക്ക് വൈദ്യ പരിശോധന ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് 17-ാം തീയതി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവര്‍ക്കും വെട്ടേറ്റത്