തിരുവനന്തപുരം: ഋഷിരാജ് സിങ്ങ് ജയില്‍ മേധാവിയായും ലോക്നാഥ് ബെഹ്റ ഫയര്‍ ഫോഴ്സ് മോധാവിയായും ചുമതലയേറ്റു. ഉടന്‍ ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന് ആഭ്യന്തര വകുപ്പ് കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് ഇരുവരും ചുമതലയേറ്റത്.
ഋഷിരാജ് സിങിനെ ഡിജിപിയായി സ്‌ഥാനക്കയറ്റം നല്‍കി ജയില്‍ മേധാവിയയും ലോക്‌നാഥ് ബഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ച് ഈ മാസം ഒന്നിനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്ന ഇരുവരും ഇന്നലെ വരെ ചുമതലയേല്‍ക്കാന്‍ തയ്യാറായിരുന്നില്ല.ചട്ടങ്ങള്‍ പാലിക്കാതെയുളള നിയമനം ശമ്പളത്തെയും പെന്‍ഷനെയും അടക്കം ബാധിക്കുമെന്നാണ് ഇവരുടെ പരാതി. കേന്ദ്രം അംഗീകരിക്കാത്ത ഫയര്‍ഫോഴ്‌സ് തസ്തികയില്‍ നിയമിച്ചാല്‍ ഡി.ജി.പി ശമ്പളം ലഭിക്കില്ലെന്നായിരുന്നു ബെഹ്‌റയുടെ പരാതി. എ.ഡി.ജി.പി തസ്തികയിലുള്ളയാള്‍ ഇരുന്ന സ്ഥാനത്തേക്ക് ഡി.ജി.പിയായ തന്നെ മാറ്റിയത് തരംതാഴ്ത്തലാണെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ ഐ.പി.എസ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരില്‍ കണ്ട് പരാതി ഉന്നയിക്കും.