
തിരുവനന്തപുരം: വിദേശമദ്യവില്‍പന കണ്ടത്തെിയതിനെതുടര്‍ന്ന് ബിയര്‍-വൈന്‍ പാര്‍ലറും പഴക്കമുള്ള കള്ള് വിതരണം ചെയ്തതിന് കള്ളുഷാപ്പും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പൂട്ടിച്ചു.തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍പാര്‍ലറിലാണ് അനധികൃത മദ്യവില്‍പന നടന്നത്. ബാര്‍ സീല്‍ ചെയ്യാന്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
ബിയര്‍ വില്‍ക്കാന്‍ അനുമതിയുള്ള ബാറില്‍ വിദേശമദ്യം വില്‍ക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഋഷിരാജ് സിങ് നേരിട്ടെത്തിയാണ് ഇവിടെ പരിശോധന നടത്തിയത്. ബാറിലെ മുറികളില്‍ മദ്യം വിതരണം ചെയ്യുന്നത് പിടികൂടി. അവധി ദിവസമായതിനാല്‍ മദ്യവില്‍പന മികച്ച രീതിയില്‍ നടക്കുകയായിരുന്നു. ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെയാണ് കമ്മീഷണറുടെ മിന്നല്‍ പരിശോധന എന്നതും ശ്രദ്ധേയമാണ്.
ഞായറാഴ്ച ഉച്ചയോടെ രഹസ്യവിവരത്തെതുടര്‍ന്ന് ഋഷിരാജ് സിങ്, എന്‍ഫോഴ്സ്മെന്‍റ് അഡീഷനല്‍ കമീഷണര്‍ എ. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഋഷിരാജ് സിങ് പരിശോധനക്കത്തെുമ്പോള്‍ വിദേശമദ്യവില്‍പന മുകളിലത്തെ നിലയില്‍ തകൃതിയായി നടക്കുകയായിരുന്നു. റെയ്ഡ് വിവരം ചോരാതിരിക്കാന്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു പരിശോധന. മദ്യവില്‍പന സ്ഥിരീകരിച്ചതോടെ എക്സൈസ് സി.ഐ. സി. അനികുമാര്‍, ഇന്‍സ്പെക്ടര്‍ ഇ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തെ വിളിച്ചുവരുത്തി പാര്‍ലര്‍ പൂട്ടാനുള്ള നടപടി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു.
ബിയര്‍ പാര്‍ലര്‍ മാനേജര്‍ വാളകം അമ്പലക്കര വാഴവിള വീട്ടില്‍ ഷാജി ജേക്കബ്, ജീവനക്കാരന്‍ ചെങ്കല്‍ നാച്ചിയോട് അനൂപ് ഭവനില്‍ സെലിന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഉടമ രാജേന്ദ്രനെതിരെ കേസെടുത്തു.
തുടര്‍ന്നാണ് അദ്ദേഹം കാട്ടാക്കട റെയ്ഞ്ചിലെ കള്ളുഷാപ്പില്‍ എത്തിയത്. ഇവിടെ നിന്ന് 48 മണിക്കൂറിലധികം പഴക്കമുള്ള 30 ലിറ്റര്‍ കള്ളാണ് പിടികൂടിയത്. തുടര്‍ന്ന് കള്ളുഷാപ്പ് അടച്ചുപൂട്ടി. ലൈസന്‍സും റദ്ദുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വില്‍പനക്കാരന്‍ പ്രഭാകരന്‍ നായര്‍, ലൈസന്‍സി സതീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം പരിശോധന വ്യാപിപ്പിക്കുമെന്ന് ഋഷിരാജ് സിങ് അറിയിച്ചു.