കണ്ണൂര്‍ :നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ 43,785 റെയ്ഡുകള്‍ നടത്തി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വീണ്ടും ഞെട്ടിക്കുന്നു. ചാര്‍ജെടുത്ത് 100 ദിവസങ്ങള്‍ക്കുള്ളില്‍ 43,785 റെയ്ഡുകള്‍ നടത്തി. ലഹരി മരുന്നു കേസുകളില്‍ 1085 പേര്‍ പിടിയിലായി. അബ്കാരി കേസുകളില്‍ പിടിയിലായവരുടെ എണ്ണം 8858 .928 ലഹരി മരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാന്‍പരാഗ്, ഹാന്‍സ് മുതലായവ പിടിച്ചെടുത്തത് 60,000 കിലോ. 37.49 ലക്ഷം രൂപ ഈയിനത്തില്‍ പിഴ ഈടാക്കി. 4442 ലീറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു. സ്പിരിറ്റ് പിടിച്ചെടുത്തത് 656 ലീറ്റര്‍. മാഹിയില്‍ നിന്നുള്ള വിദേശമദ്യം 15,000 ലീറ്റര്‍ പിടിച്ചെടുത്തു. 12,715 ലീറ്റര്‍ അരിഷ്ടം പിടിച്ചു. ലഹരി മരുന്നു കടത്താനുപയോഗിച്ച 439 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 33,248 കള്ളു ഷാപ്പുകള്‍ പരിശോധിച്ചു. 9310 സാംപിളുകള്‍ ശേഖരിച്ചു. 11,207 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. 20 കോടി രൂപയുടെ കുഴല്‍പ്പണം ചെക്ക്‌പോസ്റ്റുകളില്‍ നിന്നു പിടികൂടി. ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയ കേസുകള്‍ അധികവുമെന്ന് ഋഷിരാജ് സിങ് വിശദീകരിച്ചു.
മദ്യം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാനാവില്ല. മദ്യവില്‍പന പൂര്‍ണമായും തടയുമ്പോള്‍ വ്യാജമദ്യ നിര്‍മ്മാണം വര്‍ദ്ധിക്കും. മദ്യം പൂര്‍ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ വ്യാജമദ്യദുരന്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. മദ്യം പൂര്‍ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ നിരവധി പേരാണ് വ്യാജമദ്യം കഴിച്ച് മരിക്കുന്നത്. ചാരായം വാറ്റാനുള്ള പ്രവണത കേരളത്തില്‍ ഇപ്പോഴുമുണ്ടെന്നാണ് ഓണക്കാലത്തെ റെയ്ഡുകള്‍ തെളിയിക്കുന്നത്. കല്ലുവാതുക്കല്‍ പോലുള്ള ദുരന്തം ഇനിയും ആവര്‍ത്തിച്ചുകൂടാ. നിലവിലെ നയമാണ് പ്രായോഗികം. സംസ്ഥാനത്തെ 33 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും 29 ബാറുകളിലും സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള 300 ബീവ്‌റേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളിലും മദ്യം ലഭ്യമാകുന്നുണ്ടെന്നും ഋഷിരാജ് സിങ് വിശദീകരിച്ചു.മദ്യം പൂര്‍ണമായും നിരോധിച്ച ഗുജറാത്തിലും ബീഹാറിലും നിരവധി പേരാണ് വ്യാജമദ്യം കഴിച്ച് മരിക്കുന്നത്. അടുത്തിടെ ഗുജറാത്തില്‍ 17 പേരാണ് വ്യാജമദ്യം കഴിച്ചുമരിച്ചത്. കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മദ്യവില്‍പന നിയമപരമായി നടത്താനാവില്ലെന്നും അദ്ദേഹം പറ്ഞ്ഞു. 21 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കേ മദ്യം നല്‍കാനാവൂ എന്നാണ് നിയമം. ഓണ്‍ലൈന്‍ വഴിയാവുമ്പോള്‍ വാങ്ങുന്ന വ്യക്തിക്ക് എത്ര പ്രായമുണ്ടെന്നത് അറിയാനാവില്ല. പണം നല്‍കിയ ശേഷം മദ്യം വാങ്ങുകയെന്നതാണ് മറ്റൊരു നിയമം. ഓണ്‍ലൈന്‍ വഴിയാവുമ്പോള്‍ ഇതും ലംഘിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ മദ്യ, മയക്കുമരുന്ന് കടത്തു തടയുന്നതിന് അഞ്ചു ചെക്ക് പോസ്റ്റുകളില്‍ 25 കോടി രൂപ ചെലവില്‍ സ്‌കാനര്‍ സ്ഥാപിക്കണമെന്നാവശ്യം സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, മലപ്പുറം, കോട്ടയം എന്നീ ജില്ലകളില്‍ എക്‌സൈസിനു സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും എക്‌സൈസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.