![](https://dailyindianherald.com/wp-content/uploads/2016/10/rishiraj-sing-jt.png)
തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത് വിജിലന്‍സ് കോടതി ഉത്തരവു മുന്നില്‍ കണ്ട്.തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസിന്റെ കാലത്ത് നടന്ന ക്രമക്കേടുകള്‍ സംബന്ധമായി നടപടി സ്വീകരിക്കണമെന്ന ധനകാര്യ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ചില കേന്ദ്രങ്ങള്‍ വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
യാഥാര്‍ത്ഥ്യം എന്ത് തന്നെയായാലും ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട് ജേക്കബ് തോമസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായതിനാല്‍ സ്വാഭാവികമായും ഇതു സംബന്ധമായ ഹര്‍ജി വന്നാല്‍ കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടും എന്ന കാര്യം ഉറപ്പായിരുന്നു.ഇത്തരമൊരു സാഹചര്യത്തില്‍ ജേക്കബ് തോമസ് തല്‍സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള അന്വേഷണം ചോദ്യം ചെയ്യപ്പെടുമെന്നതും യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല കോടതി തന്നെ ജേക്കബ് തോമസിനെ മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ ഉത്തരവിടാനും സാധ്യതയുണ്ട്.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ പദം ഒഴിയാന്‍ ജേക്കബ് തോമസിനു മുഖ്യമന്ത്രി അനുമതി നല്‍കുന്നപക്ഷം പുതിയ ഡയറക്ടറായി ഋഷിരാജ് സിങ്ങ് എത്തുമെന്ന് സൂചന. വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്ത് ശക്തനായ പോലീസ് ഉദ്യോഗസ്ഥന്‍ വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം.
എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, അവധിയില്‍ കഴിയുന്ന ടി.പി. സെന്‍കുമാര്‍ എന്നിവരാണു ജേക്കബ് തോമസിനെകൂടാതെ ഡി.ജി.പി പദവിയുളള മറ്റുദ്യോഗസ്ഥര്‍. ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയാണു തൊട്ടടുത്തു നില്‍ക്കുന്നത്. ഇവരില്‍ ഋഷിരാജ് സിങിനോ ആര്‍.ശ്രീലേഖയോ ആണ് വിജിലന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഋഷിരാജ് സിങിനെ വിജിലന്‍സ് ഡയറക്ടറാക്കിയാല്‍ കുനിന്‍മേല്‍ കുരുപോലെയായിരിക്കും സര്‍ക്കാരിന് ഉണ്ടാവുക എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. ജേക്കബ് തോമാസിനിക്കേള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നയാളാണ് ഋഷിരാജ് സിംങ്. അദ്ദേഹം വഹിച്ചിരുന്ന പദവികളിലെല്ലം അദ്ദേഹം മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. ഒരുപാട് തുക സര്‍ക്കാര്‍ ഖജനാവിലെത്തിക്കാനും ഋഷിരാജ് സിംഗിന് ആയിട്ടുണ്ട്.എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് അദ്ദേഹം വ്യാജമദ്യം വിളബുന്നതിനെതിരെ അദ്ദേഹം സ്റ്റാര്‍ ഹോട്ടലില്‍ വരെ പരിശോധന നടത്തി. പാന്‍മസാല ഉള്‍പ്പന്നങ്ങളുടെ വരവ് നിയന്ത്രിച്ചു. അതുകൊണ്ട് തന്നെ ഋഷിരാജ് സിംങാണ് വിജിലന്‍സ് ഡറക്ടര്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ മനസിലുള്ളത്.
നിലവില്‍ നാല് ഡി.ജി.പിമാരാണുളളത്. ശങ്കര്‍ റെഡ്ഡിയും ഹേമചന്ദ്രനുമടക്കം മൂന്നുപേര്‍ക്കു ഡി.ജി.പി പദവി നല്‍കിയെങ്കിലും അതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചോദ്യം ചെയ്തിട്ടുണ്ട്. ആ നിലയ്ക്കു ഫയര്‍ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ അവരോധിക്കാനാവില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ഹേമചന്ദ്രനോട് പ്രത്യേക താല്‍പര്യമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമല്ല. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും ഈ കസേരയിലെത്തുക.
കേഡര്‍ തസ്തികയായതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനും സര്‍ക്കാരിനാവില്ല. കഴിഞ്ഞ സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്ന് അഡി. ഡി.ജി.പി: എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിരുന്നു. അതാകട്ടെ, ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്തു. ബാര്‍ക്കോഴ കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി കൂട്ടുനിന്നുവെന്ന ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെത്തി.
ഈ കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് സ്വയം ഒഴിവാകുക എന്ന മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ ജേക്കബ് തോമസ് തയ്യാറായതെന്നാണ് സൂചന.വ്യക്തിപരമായ കാരണത്താല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്ക് നല്‍കിയ കത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭാ യോഗം ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.
ക്ലീന്‍ ഇമേജുള്ള ജേക്കബ് തോമസിനെ ഒഴിവാക്കാന്‍ വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയന് താല്‍പ്പര്യമില്ല എന്നാണ് സൂചന.
മന്ത്രിസഭാ യോഗത്തിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസുമായി സംസാരിക്കുമെന്നാണ് സൂചന.അതേ സമയം രാജിയില്‍ ഉറച്ചു നില്‍ക്കുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നാണ് ജേക്കബ് തോമസ് പ്രതികരിച്ചത്.ഇന്നലത്തെ സത്യം ഇന്നത്തെ സത്യമാകണമെന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.