മോസ്‌കോ: ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനം തകര്‍ന്നു മരിച്ചവരില്‍ മലയാളികളും. പെരുമ്പാവൂര്‍ വെങ്ങോല ചാമക്കാല വീട്ടില്‍ ശ്യാം മോഹനനും (27) ഭാര്യ അഞ്ജു(27)വുമാണു മരിച്ചത്. ഒരു വര്‍ഷമായി റഷ്യയില്‍ ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു മഞ്ജു. അവിടേയ്ക്ക് ശ്യാം മോഹനെക്കൂടി കൊണ്ടു പോകുകയായിരുന്നു ഈ യാത്രയില്‍. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. അവധിക്ക് നാട്ടില്‍ എത്തിയ ശേഷം കൊച്ചിയില്‍ നിന്ന് ദുബായ് വഴി വെള്ളിയാഴ്ചയാണ് ഇവര്‍ റഷ്യയിലേക്ക് പോയത്.
62 പേരാണ് അപകടത്തില്‍ മരിച്ചത്. തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍ഡോണ്‍ വിമാനത്താവളത്തിലാണ് ദുരന്തമുണ്ടായത്. വിമാനത്തില്‍ രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
55 യാത്രക്കാരും ഏഴ് ക്രൂ മെമ്പര്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. മരിച്ച യാത്രക്കാരില്‍ മലയാളികള്‍ക്കു പുറമെ 44 റഷ്യന്‍ വംശജര്‍, 8 യുക്രയ്ന്‍ വംശജര്‍ 1 ഉസ്‌ബെകിസ്ഥാനി എന്നിവരും ഉള്‍പ്പെടുന്നു.എഫ്ഇസഡ് 981 ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
റഷ്യന്‍ സമയം പുലര്‍ച്ചേ 3.50 നായിരുന്നു അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീ പിടിക്കുകയായിരുന്നു. റണ്‍വേയിലെ മൂടല്‍ മഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു. ആദ്യശ്രമത്തില്‍ ഇറക്കാന്‍ സാധിക്കാതെ പറന്നുയര്‍ന്ന വിമാനം, രണ്ടാമതും ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രാലയവും വക്താവും വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ആറോളം വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണം.