തിരുവനന്തപുരം: ക്രിസ്തുമസ് കേക്കില്‍ നിന്ന് ചിക്കന്റെ എല്ല് കിട്ടിയ ഞെട്ടലിലാണ് തിരുവനന്തപുരത്തെ വീട്ടമ്മ. ക്രിസ്മസ് ആഘോഷിക്കാന്‍ കടയില്‍നിന്നു വാങ്ങിയ പ്ലം കേക്ക് വാങ്ങിയ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി നസീബ സലാമിനാണ് ഈ ദുരനുഭവം.
വഴുതക്കാട് കോട്ടന്‍ഹില്‍സ് സ്‌കൂളിനു സമീപമുള്ള പ്രശസ്ത സ്ഥാപനമായ ബ്രെഡ് ഫാക്ടറിയില്‍നിന്ന് ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് കേക്ക് വാങ്ങിയത്. വീട്ടിലെത്തി കുട്ടികള്‍ക്കു മുറിച്ചു നല്കിയപ്പോഴാണ് കേക്കിനുള്ളില്‍ എന്തോ ഇരിക്കുന്നതായി കണ്ടെത്തിയത്. കേക്ക് കഴിക്കാന്‍ തുടങ്ങിയ കുട്ടിയാണ് കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിനു തൊട്ടടുത്താണ് ബ്രെഡ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു നല്കിയ പരാതിക്കൊപ്പം കേക്കും അതില്‍നിന്നു ലഭിച്ച എല്ലിന്‍ കഷണവും കൈമാറി. ആഹാരപദാര്‍ത്ഥങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിലും മാലിന്യങ്ങള്‍ ചേര്‍ത്ത് ഭക്ഷണപദാര്‍ത്ഥങ്ങല്‍ വിതരണം ചെയ്യുന്നതിലും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് നസീബ പരാതിയില്‍ ആവശ്യപ്പെട്ടു.
കേക്ക് പരിശോധനയ്ക്കായി അയയ്ക്കുമെന്നും കടയില്‍ പരിശോധന നടത്തി കേക്ക് ഉള്‍പ്പെടുന്ന ബാച്ച് മുഴുവന്‍ കണ്ടെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉറപ്പു നല്‍കി. വൃത്തി ഹീനമായ സാഹചര്യത്തില്‍ കേക്ക് നിര്‍മ്മാണം നടത്തിയത് കൊണ്ടായിരിക്കാം ഇത്തരത്തില്‍ സംഭവിച്ചതെന്നാണ് വിലയിരുത്തുന്നത്.