ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ആര്‍.കെ നഗറില്‍ 12-നു നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി. വോട്ട് മറിക്കുന്നതിനായി വ്യാപകമായി പണം വിതരണം ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പുതിയ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.ആര്‍.കെ നഗറില്‍ വോട്ടര്‍മാര്‍ക്കു പണം നല്‍കുന്നുവെന്ന് ആരോപിച്ച് അഞ്ഞൂറിലേറെ പരാതികളാണു തിരഞ്ഞെടുപ്പ് കമ്മിഷനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. അഞ്ചു നിരീക്ഷകര്‍ക്കു പുറമേ, 70 സൂക്ഷ്മ നിരീക്ഷകരെയും മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉള്‍പ്പെടെ അഞ്ചു മന്ത്രിമാരും ഒരു എംപിയും മുഖേന വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാന്‍ പണം കൈമാറിയെന്നു വ്യക്തമാക്കുന്നതാണു പുറത്തായ രേഖകള്‍. 2.24 ലക്ഷം വോട്ടര്‍മാര്‍ക്ക് 4,000 രൂപവീതം നല്‍കാനായിരുന്നു പദ്ധതി. അതേസമയം, രേഖകളിലെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.‘വോട്ടിനു നോട്ട്’ ആരോപണത്തെ തുടര്‍ന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവാക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. ആര്‍കെ നഗറിലെ സ്ഥിതി ഇതിനേക്കാള്‍ ഗുരുതരമാണെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം, തങ്ങള്‍ പണം വിതരണം ചെയ്തിട്ടില്ലെന്നും പുറത്തുവന്ന രേഖകള്‍ക്ക് ആധികാരികതയില്ലെന്നും അണ്ണാ ഡിഎംകെ (അമ്മ) സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരന്‍ പറഞ്ഞു.സംസ്ഥാന ആരോഗ്യമന്ത്രി വിജയഭാസ്കറുമായി ബന്ധപ്പെട്ട അന്‍പതോളം കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തിയത്. ഡപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഉമേഷ് സിന്‍ഹ, തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലഖോനി, സ്പെഷല്‍ ചീഫ് തിരഞ്ഞെടുപ്പു കമ്മിഷണര്‍ വിക്രം ബത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അണ്ണാ ഡി.എം.കെയിലെ പനീര്‍സെല്‍വം വിഭാഗം മണ്ഡലത്തിലെ കരുത്തനായ ഇ. മധുസൂദനനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനാണ് അണ്ണാ ഡി.എം.കെ ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ സ്വന്തം പാര്‍ട്ടിയുമായും പോരാട്ടത്തിനുണ്ട്. മണ്ഡലത്തിലെ താമസക്കാരന്‍ തന്നെയായ എം. മരുതുഗണേഷാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥി. സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.