
തൃശൂര്‍: മരണത്തിനു ശേഷവും മണിയെ വിറ്റ് പണമുണ്ടാക്കുകയാണെന്ന് ചൂണ്ടികാട്ടി കലാഭവന്‍ മണിയുടെ സുഹൃത്തുക്കള്‍ക്കെതിരെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് രംഗത്ത്. മണിയുടെ മരണത്തിന് ഉത്തരവാദികളായി കുടുംബാംഗങ്ങള്‍ സുഹൃത്തുക്കളെ കുറ്റപ്പെടുത്തിയിരുന്നു.
ഒപ്പം നടന്നിരുന്ന സുഹൃത്തുക്കളില്‍ പലരും പണത്തിന് വേണ്ടി തന്റെ സഹോദരനെ ഉപയോഗിച്ചിരുന്നതായും രാമകൃഷ്ണന് ആരോപിച്ചിരുന്നു. ഇപ്പോള്‍ മണിയുടെ അവസാനത്തെ സ്റ്റേജ് ഷോയുടെ സിഡികള്‍ വിപണിയിലെത്തിച്ച സംവിധായകനെതിരെയും രാമകൃഷ്ണന് രംഗത്തെത്തിയിരിക്കുകയാണ്.
മരണശേഷവും തന്റെ സഹോദരനെ വിറ്റ് കാശാക്കുകയാണെന്ന് ആര്.എല്‍.വി രാമകൃഷ്ണന് ആരോപിച്ചിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ സ്റ്റേജ് ഷോകള്‍ക്ക് കൊണ്ടു പോയി കമ്മീഷന് ചോദിച്ച് വാങ്ങുകയും ചെയ്തിരുന്നയാള്‍ ഇപ്പോള്‍ സംവിധായകന് ചമയുകയാണെന്നും രാമകൃഷ്ണന് ആരോപിച്ചു.
കലാഭവന്‍ മണിയുടെ അവസാന സ്റ്റേജ് ഷോ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയ കലാഭവന്‍ ജിന്റോ എന്നയാള്‍ക്കെതിരെയാണ് രാമകൃഷ്ണന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീകൃഷ്ണപുരത്തെ മണിക്കിലുക്കം എന്ന പേരിലാണ് സി.ഡിയും ഡി.വി.ഡിയും വിപണിയില്‍ ഇറക്കിയിരിക്കുന്നത്.ഇത് കലാഭവന്‍ മണിയുടെ അവസാന സ്റ്റേജ് ഷോയാണെന്നാണ് ഡി.വി.ഡി പുറത്തിറക്കിയവരുടെ അവകാശവാദം.മണിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് കലാഭവന്‍ ജിന്റോ.
കലാഭവന്‍മണിയുടെ മരണം സംബന്ധിച്ച് തങ്ങള്‍ നേരത്തേ ഉന്നയിച്ചിട്ടുള്ള ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അന്വേഷണം സംബന്ധിച്ച് അധികാരികളെ സമീപിക്കുമെന്നും രാമകൃഷ്ണന് പറയുന്നു.