കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് 2008ല്‍ ഒഞ്ചിയത്ത് രൂപംനല്കിയ ആര്.എം.പി, റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ അഖിലേന്ത്യാ പാര്‍ട്ടിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പല കാലങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് വേറിട്ട് തനിച്ചുനിന്ന പത്തോളം പാര്‍ട്ടികള്‍ ലയിച്ചാണ് പഞ്ചാബിലെ ജലന്ധറില്‍ ശനിയാഴ്ച ചേര്‍ന്ന സമ്മേളനത്തില്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപവത്കരിച്ചത്.
ജലന്ധറിലെ വിഷ്ണുഗണേഷ് പിങ്ളെ ഹാളില്‍ ചേര്‍ന്ന രൂപവത്കരണ സമ്മേളനം സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം മംഗത്റാം പസ്ല ഉദ്ഘാടനം ചെയ്തു. റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പുതിയ പാര്‍ട്ടിയുടെ പതാക കെ.കെ. രമ അനാവരണം ചെയ്തു. ഹര്‍കമല്‍ സിങ് പാര്‍ട്ടിയുടെ ഭരണഘടന അവതരിപ്പിച്ചു. തമിഴ്നാട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയര്മാന് കെ. ഗംഗാധര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.
രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ അഡ്വ. പി. കുമാരന്‍കുട്ടി പങ്കെടുത്തു. മംഗത്റാം പസ്ല സെക്രട്ടറിയായി 19 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ടി.എല്‍. സന്തോഷ്, എന്‍. വേണു, കെ.കെ. രമ, കെ.എസ്. ഹരിഹരന് എന്നിവരാണ് കേരളത്തില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍.