റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു

പുതുപ്പള്ളി :
റോഡ് നന്നാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. കൂരോപ്പട പഞ്ചായത്തിൽ പങ്ങട പ്രദേശത്ത് കൂടി കടന്ന് പോകുന്ന പിഡബ്ല്യുഡി റോഡ് നന്നാക്കണം എന്ന ആവശ്യപ്പെട്ടാണ് നിരന്തരമായ പരാതികൾ ഉയരുന്നത്. പാമ്പാടി ഏഴാം മൈലിൽ നിന്ന് ആരംഭിച്ച് വെള്ളൂർ – മഞ്ഞാമറ്റം , നെടുങ്കുഴി – കോത്തല , എരുത്തുപുഴ – കോത്തല എന്നിങ്ങനെ മൂന്ന് റോഡുകളിലൂടെ കടന്നുപോകുന്ന കോത്തല റോഡാണ് വർഷങ്ങളായി ശോചനാവസ്ഥയിൽ കിടക്കുന്നത്. റോഡിന്റെ ആദ്യ നാല് മീറ്റർ രണ്ട് വർഷം മുൻപ് ടാർ ചെയ്തിരുന്നെങ്കിലും ശേഷിക്കുന്ന ഗ്രാന്റ് വാലിവരെയുള്ള ഭാഗം തകർന്നു കിടക്കുകയാണ്. കൂരോപ്പടയിൽ നിന്നും ഈ റോഡിലേക്കുള്ള അപ്രോച്ച് റോഡ് ഒരു വർഷം മുൻപ് കുഴി അടച്ചെങ്കിലും ഓവുചാൽ ഇല്ലാത്തതിനാൽ വീണ്ടും കുണ്ടും കുഴിയുമായി. വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിരവധി തവണ നാട്ടുകാർ സ്ഥലം എംഎൽഎ ഉമ്മൻ ചാണ്ടിയെ സമീപിച്ചെങ്കിലും ശരിയാക്കാം എന്ന വാക്ക് മാത്രമാണ് ലഭിച്ചത്.വിഷയത്തിന് പരിഹാരം കണ്ടെത്താൻ അഞ്ച് പതിറ്റാണ്ട് ആയി എംഎൽഎ ആയിരിക്കുന്ന ഉമ്മൻചാണ്ടിക്ക് കഴിഞ്ഞില്ല. വെള്ളൂരിൽ നിന്നും ഗ്രീൻവാലി വഴി കൂരോപ്പടയിലേക്കുള്ള റോഡ് വീതി കൂട്ടി രണ്ട് വരി പാതയാക്കിയാൽ അരുവിക്കുഴി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര എളുപ്പമാകും കൂടാതെ കെ കെ റോഡിന് ബദലായി ശബരിമല തീർഥാടകർക്കും ഈ റോഡ് തിരക്കുകൾ ഇല്ലാതെ ഉപയിഗിക്കാനാവും എന്നും നാട്ടുകാർ തയ്യാറാക്കിയ പരാതിയിൽ പറയുന്നു. വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും പ്രദേശ വാസികൾ പരാതി സമർപ്പിച്ചിട്ടുണ്ട്.

Top