ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപ വിലമതിക്കുന്ന മുടി കവര്‍ന്നു. ഡല്‍ഹിയിലെ നാങ്ക്‌ളോയിലാണ് സംഭവം. വിഗ് വ്യാപാരിയും സഹായിയും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. വിഗ് കയറ്റുമതി വ്യാപാരം നടത്തുന്ന അജയ് കുമാര്‍(42), സഹായി മംഗള്‍ സെന്‍ (42) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിസിനസില്‍ എതിരാളികളായവരുടെ കമ്പനിയില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. അജയ് കുമാറിന്റെ വ്യാപാരം അടുത്തിടെ മോശം അവസ്ഥയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. നാങ്ക്‌ളോയിലെ ജഹാംഗിര്‍ എന്റര്‍പ്രൈസസ് ആയിരുന്നു വിഗ് വ്യാപാരത്തില്‍ ഇയാളുടെ പ്രധാന എതിരാളി.
ജൂലായ് 25ന് ഇവിടെയെത്തിയ അജയ് കുമാറും സഹായിയും മറ്റൊരാളും ചേര്‍ന്ന് ഉടമ ജഹാംഗിര്‍ ഹുസൈനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് ക്വിന്റല്‍ മുടിയുടെ കവര്‍ച്ച നടത്തുകയായിരുന്നു. ഹുസൈന്റെ ഫാക്ടറിയില്‍ അതിക്രമിച്ചു കയറിയ ഇവര്‍ ഹുസൈനെയും സഹോദരന്‍ താജുദ്ദീനേയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. മുടിക്ക് പുറമേ 30,000 രൂപയും ഏതാനും മൊബൈല്‍ ഫോണുകളും ഇവര്‍ കവര്‍ന്നു. ഇവരെ ഞായറാഴ്ചയാണ് പിടികൂടിയത്. പ്രതികളില്‍ നിന്നും 118 കിലോഗ്രാം മുടി പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ രാംപൂരില്‍ നിന്നും മോഷണം പോയ ഫോണുകളുള്‍പ്പെടെയാണ് മംഗള്‍ സെന്നിനെ പൊലീസ് പിടികൂടിയതെന്ന് ഡി.സി.പി. സേജു പി. കുരുവിള വ്യക്തമാക്കി.