ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്.ഭൂമിയിടപാടു കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു നിയോഗിക്കപ്പെട്ട ദല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്എന്‍ ധിന്‍ഗ്ര റിപ്പോര്‍ട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനു സമര്‍പ്പിച്ചു.
ക്രമക്കേടൊന്നും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരുവരി റിപ്പോര്‍ട്ട് മാത്രമായിരിക്കും സമര്‍പ്പിക്കുക. എന്നാല്‍ ഞാന്‍ 182 പേജുള്ള റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചിരിക്കുന്നത്.182 പേജ് റിപ്പോര്‍ട്ട് എഴുതണമെങ്കില്‍ അതിനെന്തെങ്കിലും കാരണം ഉണ്ടാകണമല്ലോ’– ജസ്റ്റിസ് ധിന്‍ഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ജസ്റ്റിസ് എസ്.എന്‍.ധിന്‍ഗ്ര വെളിപ്പെടുത്തിയില്ല.
റോബര്‍ട്ട് വാദ്ര ഹരിയാനയിലെ ഗുഡ്‌ഗാവില്‍ നടത്തിയ 3.53 ഏക്കര്‍ ഭൂമി ഇടപാടില്‍ കൃത്രിമരേഖകള്‍ ഉപയോഗിച്ചു വന്‍തുക സമ്പാദിച്ചെന്നും ഇടപാടുകള്‍ക്കു ഹരിയാന നഗരാസൂത്രണ വകുപ്പു കൂട്ടുനിന്നുവെന്നും ആയിരുന്നു ആരോപണം.സ്‌കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി സ്‌ഥാപനത്തിന്‍റെ പേരിലായിരുന്നു ഭൂമി ഇടപാടുകള്‍ നടന്നത്.