ഹൈദരാബാദ്: രോഹിത് വെമുലയുടേത് കൊലപാതകമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കുറ്റക്കാരായ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി ബന്ദാരും ദത്തത്രേയയെയും സര്‍വ്വകലാശാല വൈസ് ചാന്‍സലറെയും അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇത് ആത്മഹത്യാ പ്രേരണ കുറ്റമല്ല, ഇത് കൃത്യമായും കൊലപാതകമാണ്.’ ഹൈദരാബാദ് ക്യാമ്പസ് സന്ദര്‍ശിച്ച യെച്ചൂരി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. ‘തീര്‍ത്തും നിന്ദ്യമായ കാര്യമാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സംഭവിച്ചത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക മൂല്യങ്ങള്‍ക്ക് എതിരാണിത്. അതിനാല്‍ ഇതില്‍ പങ്കുള്ള രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും; തൊഴില്‍മന്ത്രിക്കും, മാനവവിഭവശേഷി മന്ത്രിക്കും വൈസ് ചാന്‍സലര്‍ക്കും എതിരെ നടപടിയെടുക്കണം’ യെച്ചൂരി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് പട്ടിക ജാതി, വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന്റെ പരിഷ്‌കരിച്ച രൂപം പാസ്സാക്കിയത്. ഇതുപ്രകാരമുള്ള കുറ്റകൃത്യമാണ് സ്മൃതി ഇറാനിയും ദത്താത്രേയയും ചെയ്തത്. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ എത്രയും വേഗം കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുകയും രോഹിത്തിനൊപ്പം സസ്‌പെന്റ് ചെയ്യപ്പെട്ട ദളിത് വിദ്യാര്‍ഥികളുമായി സംസാരിക്കുകയും ചെയ്തതായി യെച്ചൂരി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള പോരാട്ടതുടരുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ചൊവ്വാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. ബി.എസ്.പി നേതാവ് മായാവതി, ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍, മന്ത്രി രാം വിലാസ് പാസ്വാന്‍, പാസ്വാന്റെ സഹോദരന്‍ രാമചന്ദ്ര പാസ്വാന്‍ എന്നിവര്‍ ഇന്നലെ യൂണിവേഴ്സ്റ്റി സന്ദര്‍ശിച്ചിരുന്നു.