ഹരിയാന: നവമാധ്യങ്ങളുടെ കാലത്ത് വാര്‍ത്തകള്‍ക്ക് റോക്കറ്റ് വേഗതയാണ് അത് കൊണ്ട് തന്നെ മാധ്യമങ്ങളും വാര്‍ത്തയ്ക്കുവേണ്ടിയുള്ള വേഗത വര്‍ധിപ്പിക്കുന്നു.കിട്ടുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ പോലും പല മാധ്യമങ്ങളും തയ്യാറാകുന്നില്ല. ഓണ്‍ലൈന്‍ ലോകത്ത് എത്രയും പെട്ടെന്ന് വൈറലാകുന്ന വാര്‍ത്തകളാണെങ്കില്‍ പ്രത്യേകിച്ചും. ദുബൈയിലെ ബുര്‍ജ് ഖലിഫ് ത്രിവണര്‍ണമണിയുമെന്ന് മറുനാടന്‍ മലയാളിയുടെ വ്യാജവാര്‍ത്ത പൊളിഞ്ഞിട്ട് ദിവസങ്ങളായിട്ടില്ല. ഇത്തരത്തില്‍ ദേശിയ മാധ്യമങ്ങളും വായനക്കാരെ വിഢികളാക്കാറുണ്ടെന്നാണ് ചില വാര്‍ത്തകള്‍ തെളിയിക്കുന്നത്.
ശല്യം ചെയ്ത യുവാക്കളെ ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതികള്‍ കൈകാര്യം ചെയ്യുന്ന സംഭവം രാജ്യത്തെ മാധ്യമങ്ങള്‍ മുഴുവന്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഈ സംഭവം വ്യാജമായിരുന്നുവെന്നാണ് പ്രത്യകേ അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത്.
2014 നവംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവം. ബസില്‍ ശല്യപ്പെടുത്തിയ മൂന്നു യുവാക്കളെ റോത്തക്കിലെ സഹോദരിമാര്‍ മറ്റ് യാത്രക്കാരുടെ മുമ്പില്‍ നേരിട്ടു. തത്സമയം ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റാരൊ ഇവ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ദേശിയ ശ്രദ്ധ പിടിച്ചുപറ്റിയതിനൊപ്പം ഇരുവര്‍ക്കും ധീരതയ്ക്കുള്ള അവാര്‍ഡു നല്‍കണമെന്നുവരെ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനുള്‍പ്പെടെ സഹോദരിമാര്‍ വൃാജമായി സംഭവം സൃഷ്ടിക്കുകയായിരുന്നുവെന്നും വാദമുയര്‍ന്നിരുന്നു.
തുടര്‍ന്ന് സഹോദരിമാരായ പൂജ(19), ആരതി(22) എന്നിവരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പന്നീട് കേസ് ഹരിയാന പ്രത്യേക അന്വേഷണ സംഘത്തിന്(എസ്.ഐ.ടി) കൈമാറി.
എസ്.ഐ.ടി സമര്‍പ്പിച്ച 200 പേജുള്ള കുറ്റപത്രത്തിലാണ് സഹോദരിമാരുടെ വാദങ്ങള്‍ കള്ളമെന്ന് തെളിഞ്ഞതായി സൂചിപ്പിക്കുന്നത്. സഹോദരിമാര്‍ക്കു നടത്തിയ നുണപരിശോധനയില്‍ ലഭിച്ച ഉത്തരങ്ങളില്‍ 60 ശതമാനവും തെറ്റായിരുന്നു. സംഭവസമയം ബസില്‍ യാത്രചെയ്ത മറ്റ് യാത്രക്കാരുടെ മൊഴികളും സഹോദരിമാര്‍ക്ക് എതിരായിരുന്നു. ബസില്‍ പീഡനശ്രമം നടന്നിട്ടില്ലെന്നും സഹോദരിമാര്‍ യാത്രക്കാരുമായി ഏറ്റുമുട്ടിയത് സീറ്റിനുവേണ്ടിയാണെന്നും മറ്റ് യാത്രക്കാര്‍ മൊഴിനല്‍കി.
പൊലീസ് നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ ബന്ധുക്കളും ഈസമയം രംഗത്തെത്തി. പരാതി ലഭിച്ചിട്ടും ആരോപണ വിധേയര്‍ക്ക് എതിരെ അന്വേഷണം നടത്തുന്നതിന് പകരം പരാതി നല്‍കിയവര്‍ക്ക് എതിരെ അന്വേഷണം നടത്തുന്നത് അനീതിയാണെന്നാണ് ബന്ധുക്കളുടെ വാദം. എന്നാല്‍ പെണ്‍കുട്ടികള്‍ തന്റെ മകന്റെ ഭാവി നശിപ്പിച്ചുവെന്ന് ആരോപണ വിധേയനായ ദീപകിന്റെ പിതാവ് ശ്രീപാല്‍ ഹോഡ പറഞ്ഞു. കുറ്റപത്രംവന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് എതിരെ മാനഹാനിക്ക് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 26ന് കേസ് വീണ്ടും കോടതി പരിഗണിക്കും.