തൃശൂര്‍:
തിരൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര സ്വദേശി മൊട്ടക്കാട്ടില് തെക്കേതില്‍ വീട്ടില്‍ ആനി (50), കിള്ളന്നൂര്‍ കേച്ചി റോഡില്‍ പായത്ത് പറമ്പില്‍ രാമദാസ് (56) എന്നിവരാണ് അറസ്റ്റിലായത്. ബാങ്കിന്റെ മുളങ്കുന്നത്തുകാവ് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.
ഒക്ടോബര്‍ ഒന്നിന് 62.5 ഗ്രാം മുക്കുപണ്ടം ജീവനക്കാരെ കബളിപ്പിച്ച് പണയം വെച്ച് രണ്ട് ലക്ഷം കൈക്കലാക്കിയിരുന്നു. ആറിന് 93.9 ഗ്രാം മുക്കുപണ്ടവുമായി വന്ന് മൂന്ന് ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് രാമദാസ് പിടിയിലാവുന്നത്. പണയവസ്തു പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസിനെ വിവരമറിയിച്ച് അറസ്റ്റ് ചെയ്യിച്ചു.
കൊല്ലം സ്വദേശിനിയായ ആനി മെഡിക്കല്‍ കോളജിലെത്തി ഇവിടെ ഓട്ടോറിക്ഷ ഡ്രൈവറായ രാമദാസിനെ പരിചയപ്പെട്ട് തട്ടിപ്പിന് പ്രേരിപ്പിക്കുകയായിരുന്നു. അംഗത്വമുള്ളയാള്‍ക്ക് മാത്രമേ സഹകരണ ബാങ്ക് പണയ വായ്പ അനുവദിക്കൂ. രാമദാസ് അംഗമായ ബാങ്കാണ് തിരൂര്‍ സര്‍വിസ് സഹകരണ ബാങ്ക്. രാമദാസില്നിന്നാണ് ആനിയെ ക്കുറിച്ച് അറിഞ്ഞത്. ഇതോടെ ഒളിവില്‍ പോയ ആനിയെ സിറ്റി സൈബര്‍ പൊലീസിന്റെ അന്വേഷണത്തിലാണ് പിടികൂടിയത്.